കാസര്‍കോട്: ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ കാറ്റടിച്ച് വീണ് വീട്ടമ്മയ്ക്കും പേരക്കുട്ടിക്കും സാരമായി പരിക്കേറ്റു. കാസര്‍കോട്, അഡുക്കത്തുബയലിലെ നബീസ (52),പേരക്കുട്ടി മറിയം നവാൽ(5) എന്നിവരെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം മൊഗ്രാല്‍, നാങ്കിയിലാണ് അപകടം ഉണ്ടായത്. മംഗ്ലൂരുവിൽ നിന്നു തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുമ്പള പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് നബീസയെയും പേരക്കുട്ടിയെയും റെയില്‍വെ പാളത്തിനു സമീപത്തു വീണു പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്.
മൊഗ്രാലിലെ ഒരു മരണവീട്ടില്‍ പോയി മടങ്ങുന്നതിനിടയിലാണ് ഇരുവരും അപകടത്തില്‍പ്പെട്ടതെന്നു പൊലീസ് പറഞ്ഞു.






