മൈസൂരു: വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി പികൂടി പുറത്തെത്തിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിദ്ധാര്‍ത്ഥ ലേഔട്ടിലെ വിനയ മാര്‍ഗയിലെ വീട്ടിലാണ് പുള്ളിപ്പുലിയെ കണ്ടത്. പിടിയിലായ പുള്ളിപ്പുലിക്ക് മൂന്നോ നാലോ വയസ്സ് പ്രായമുണ്ടാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ മുറി വൃത്തിയാക്കുന്നതിനിടെയാണ് വീട്ടുജോലിക്കാരി കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടത്. തുടര്‍ന്ന് വീട്ടുടമസ്ഥന്‍ സുരേഷിനെയും ഭാര്യ സുജാതയെയും വിവരമറിയിച്ചു.
സുരേഷിന്റെ 90 വയസ്സുള്ള അമ്മ ഷൈലജ പുള്ളിപ്പുലി ഒളിച്ചിരുന്ന കട്ടിലില്‍ ഉറങ്ങുകയായിരുന്നു. ഇതോടെ ഭയന്നുപോയ വീട്ടുകാര്‍ പ്രായമായ അമ്മയെ സുരക്ഷിതമായി പുറത്തെത്തിച്ചു. തുടര്‍ന്ന് സുരേഷ് മുറി പൂട്ടി വനംവകുപ്പ് അധികൃതരെ അറിയിച്ചു.
ഉടന്‍തന്നെ മൃഗഡോക്ടര്‍മാരുടെ അകമ്പടിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വനംവകുപ്പിലെ 20 ജീവനക്കാര്‍ ചേര്‍ന്നു മൂന്നു മണിക്കൂര്‍ പരിശ്രമിച്ചാണു പുലിയെ കുരുക്കിയത്. പുലി സമീപത്തെ ചാമുണ്ഡിഹില്‍സില്‍ നിന്ന് എത്തിയതെന്നാണു കരുതുന്നത്. മയക്കുവെടി വച്ചശേഷം വലയില്‍ കുരുക്കുകയായിരുന്നു.
പുള്ളിപ്പുലി ആരോഗ്യവാനാണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.







