ആലപ്പുഴ: വൈറല്‍ റീലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ ‘ഗുണ്ട ബിനു’ എന്ന ശരത് ഉണ്ണിത്താന്‍ അന്തരിച്ചു. അമേരിക്കയില്‍ ജോലി ചെയ്തിരുന്ന ശരത് അവിടെ വച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് വിവരം. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്. നടി സ്‌നേഹ ശ്രീകുമാര്‍ അടക്കമുള്ളവര്‍ വിയോഗ വിവരം പങ്കുവച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. മാര്‍ച്ച് 31ന് ആയിരുന്നു ശരത്തിന്റെ പിറന്നാള്‍.
‘പ്രിയ കലാകാരന്‍ ശരത് ഉണ്ണിത്താന്‍ അമേരിക്കയില്‍ വച്ച് മരിച്ച വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറല്‍ റീല്‍സ് ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആര്‍ട്ടിസ്റ്റായിരുന്ന ശരത്, കൊച്ചിന്‍ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്’ – എന്നാണ് ശരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്ന പോസ്റ്റ്. നിരവധി പേര്‍ ശരത്തിന് ആദരാഞ്ജലികള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.
‘ചിരിക്കാന്‍ വിധി ഉള്ളവരെ ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ടവന്‍’ എന്ന് സ്വയം വിശേഷിപ്പിച്ച കലാകാരനാണ് ശരത്. റീലുകള്‍ ചെയ്യാന്‍ പ്രത്യേകം വേഷവിധാനം തന്നെ ശരത്തിന് ഉണ്ടായിരുന്നു. വലിയ മീശയും കട്ടിപ്പുരികവും മറുകും തലയില്‍ കെട്ടുമായി എത്തുന്ന ശരത്തിന്റെ വീഡിയോകള്‍ പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു. ഓണം വന്നല്ലോ എന്ന റീല്‍ ഏറെ വൈറലായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് ട്രംപിനെ ഉള്‍പ്പെടുത്തിയിട്ട രസകരമായ വീഡിയോ ആണ് ശരത്ത് അവസാനമായി പോസ്റ്റു ചെയ്തത്.







