തിരുവനന്തപുരം: കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിനാണെന്ന് പറയുന്നു, യുവാവ് വീടിന് തീവച്ചു. തിരുവനന്തപുരം കണിയാപുരത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഷാജഹാന്‍-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്. സംഭവത്തില്‍ അമീനയുടെ സഹോദരീ പുത്രന്‍ ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ ഫൈസല്‍ കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍ പണം നല്‍കാന്‍ അവര്‍ തയാറായില്ല. തുടര്‍ന്ന് വീടിന് തീയിടുമെന്ന് പറഞ്ഞ് ഫൈസല്‍ ഭീഷണിപ്പെടുത്തിയതായി ഷാജഹാന്‍-അമീന ദമ്പതികള്‍ പറഞ്ഞു. തുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മംഗലപുരം പൊലീസെത്തി ഫൈസലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ നിന്നിറങ്ങിയ ഫൈസല്‍ ഇന്ന് പുലര്‍ച്ചെ വീടിന് തീവയ്ക്കുകയായിരുന്നു. യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറിയതിനാല്‍ ആളപായമൊന്നും ഉണ്ടായില്ല. ഫയര്‍ഫോഴ്‌സും സമീപവാസികളും ചേര്‍ന്ന് തീയണച്ചു.







