ഗ്വാളിയാര്‍: വിവാഹ സത്ക്കാരത്തിന് മദ്യം വിളമ്പിയില്ലെന്ന് ആരോപിച്ച് വധുവിനേയും വരനേയും കുടുംബാംഗങ്ങളേയും അയല്‍വാസികള്‍ മര്‍ദ്ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ കഴിഞ്ഞദിവസമാണ് സംഭവം. വധു ചടങ്ങില്‍ എത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഒരു സംഘം അയല്‍വാസികള്‍ സ്ഥലത്തെത്തി വരന്‍ മഹേഷ് ജാതവിനോട് മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടതോടെയാണ് അക്രമങ്ങള്‍ക്ക് തുടക്കം.
പണം നല്‍കാന്‍ മഹേഷ് വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മര്‍ദനമെന്ന് മാതാവ് ഷീല ജാതവ് നല്‍കിയ പരാതിയില്‍ പറയുന്നു. വരനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ വധുവിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും നേരെയും ആക്രമണം നടന്നു. മാത്രമല്ല, വിവാഹ വീട്ടിലെ ലൈറ്റുകളും പണവും ഉള്‍പ്പെടെ അയല്‍വാസികള്‍ മോഷ്ടിച്ചതായും ആരോപണമുണ്ട്. വിവാഹ വീടുകളില്‍ അടുത്തിടെയായി ഇത്തരം സംഭവങ്ങള്‍ പതിവായിരിക്കുകയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.







