മദ്യത്തിനും മയക്കുമരുന്നിനും അടിമയെന്ന് മുദ്രകുത്തി; ഇന്ത്യന്‍ താരമായിരുന്നിട്ടും പെണ്ണ് കിട്ടാത്ത അവസ്ഥ; ജീവിതം അവസാനിപ്പിക്കാന്‍ തോന്നിയെന്ന് മുന്‍ ക്രിക്കറ്റ് താരം

മുംബൈ: ഒരു കാലത്ത് താന്‍ കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ഒരു അഭിമുഖത്തിനിടെയാണ് താന്‍ കടന്നുപോയ പ്രയാസകരമായ കാലഘട്ടത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. കൗമാരപ്രായത്തില്‍ ചില ആളുകള്‍ താന്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയെന്നു മുദ്രകുത്തി. ഇത്തരം ആരോപണങ്ങള്‍ തന്റെ കരിയര്‍ നശിപ്പിച്ചുവെന്നു താരം പറഞ്ഞു. 17ാം വയസ്സില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച താരമാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍.

ഇത്തരം ആരോപണങ്ങള്‍ തന്റെ വിവാഹ ജീവിതത്തെ വരെ ബാധിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. തനിക്ക് വിവാഹം ആലോചിച്ച് രക്ഷിതാക്കള്‍ പരസ്യം നല്‍കിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണെന്നു പറഞ്ഞിട്ടുപോലും മറുപടി ലഭിച്ചില്ല. ടെസ്റ്റ് ടീം അംഗമാണെന്നും ഒരു ഫ്‌ളാറ്റ് സ്വന്തമായിട്ടുണ്ടെന്നുമെല്ലാം കാണിച്ചാണ് വിവാഹ പരസ്യം നല്‍കിയത്.

എന്നിട്ടും തനിക്ക് പെണ്ണ് നല്‍കാന്‍ ആരും മുന്നോട്ടുവന്നില്ല. തന്നെ മദ്യപാനിയായി ചിത്രീകരിച്ചതാണ് അതിന് കാരണമെന്ന് ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടുന്നു. 1987 ലോകകപ്പിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തമിഴ്‌നാട്ടിലെ സിലക്ടര്‍മാര്‍ വിളിച്ച് ഞാന്‍ ഫിറ്റല്ലെന്ന് മാധ്യമങ്ങളോടു പറയാന്‍ ആവശ്യപ്പെട്ടിരുന്നു. അത് നടക്കില്ലെന്നും വേണമെങ്കില്‍ തന്നെ പുറത്താക്കാനുമാണ് താന്‍ അവരോട് പറഞ്ഞതെന്നും താരം പറഞ്ഞു.

മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. 16 വയസ്സിനും 19 വയസ്സിനും ഇടയിലാണ് തന്റെ ക്രിക്കറ്റ് പരമ്പരകള്‍. പ്രായപൂര്‍ത്തിയാകാത്ത അന്ന് എനിക്ക് ഹോട്ടലില്‍വച്ച് ആളുകള്‍ മദ്യം വിളമ്പിത്തരുമോ എന്ന് താരം ചോദിക്കുന്നു. ജീവിതത്തിലൊരിക്കലും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല. എന്നാല്‍ പലപ്പോഴും ബീയര്‍ കഴിച്ചിട്ടുണ്ട്. പക്ഷേ 19 വയസുള്ള പയ്യനെ മദ്യപാനിയെന്നും ലഹരിക്ക് അടിമയെന്നുമൊക്കെ വിളിക്കുന്നത് നല്ലതല്ലെന്ന് താരം പറഞ്ഞു.

ഐപിഎല്‍ കമന്ററിയിലുള്‍പ്പടെ തിളങ്ങി നില്‍ക്കുമ്പോഴാണ് കോവിഡ് ലോക്ഡൗണ്‍ വന്നത്. അത് തന്നെ മാനസികമായി ഏറെ തളര്‍ത്തി. കണ്ണാടിയില്‍ നോക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നീട് ഉറക്കം ലഭിക്കാന്‍ മദ്യപിച്ച് തുടങ്ങി. എഴുന്നേല്‍ക്കുമ്പോഴെല്ലാം മരിക്കാന്‍ പോകുകയാണെന്നു തോന്നും. ദുബായിലൂടെ അതിവേഗത്തില്‍ യാത്ര ചെയ്യുമ്പോള്‍ വാഹനത്തില്‍നിന്നു പുറത്തേക്കു ചാടാന്‍ തോന്നിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം എന്തോ ഒരു ശക്തി തന്നെ പിന്തിരിപ്പിച്ചുവെന്ന് ശിവരാമകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയ്ക്കായി ഒന്‍പതു ടെസ്റ്റുകളും 16 ഏകദിനങ്ങളും കളിച്ച താരമാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page