തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

കാസര്‍കോട്: പത്രിക പിന്‍വലിക്കുന്നതിനു ഒരു ദിവസം ബാക്കി നില്‍ക്കേ കാസര്‍കോട് ജില്ലയില്‍ പ്രചരണത്തിനു ചൂടുപിടിച്ചു. വരും ദിവസങ്ങളില്‍ വേനല്‍ച്ചൂടിനൊപ്പം തെരഞ്ഞെടുപ്പു ചൂടും ഏറുമെന്നു ഉറപ്പായിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ കാസര്‍കോട്ട് ദേശീയ നേതാക്കള്‍ പ്രചരണത്തിനു കൂടുതലായി എത്തില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കാസര്‍കോട്ട് എത്തുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥീരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രചാരണത്തിനു എത്തുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായ എം എല്‍ അശ്വിനിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബംഗ്‌ളൂരു സൗത്ത് എം പിയുമായ തേജസ്വി സൂര്യ ശനിയാഴ്ച കാസര്‍കോട്ടെത്തും. അന്ന് വൈകുന്നേരം നാലിനു ബദിയഡുക്കയില്‍ എം എല്‍ അശ്വിനി നടത്തുന്ന റോഡ്‌ഷോയില്‍ അദ്ദേഹം സംബന്ധിക്കും.
കാസര്‍കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ ഹാജിയുടെ പഞ്ചായത്ത് തല പര്യടന പരിപാടി ബുധനാഴ്ച രാവിലെ കാറഡുക്ക പഞ്ചായത്തില്‍ നിന്നു ആരംഭിച്ചു. രാത്രി എട്ടിന് കുംബഡാജെ പഞ്ചായത്തില്‍ സമാപിക്കും.


എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയുടെ ഗൃഹസമ്പര്‍ക്കവും വോട്ടഭ്യര്‍ത്ഥനയും മധൂര്‍ ഈസ്റ്റ് ഏരിയയില്‍ നിന്നു ആരംഭിച്ചു. വൈകുന്നേരം അഞ്ചിന് മൊഗ്രാല്‍ പുത്തൂരില്‍ സമാപിക്കും.
ഇടതു മുന്നണി സ്വതന്ത്രസ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരും പ്രചരണരംഗത്ത് സജീവമാണ്. രാവിലെ ബദിയഡുക്കയില്‍ ഗൃഹസന്ദര്‍ശന പരിപാടിയോടെ ഇന്നത്തെ പര്യടനം ആരംഭിച്ചു.

മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ബെജ്ജയില്‍ നിന്നു വോട്ടര്‍മാരെ നേരില്‍ കണ്ടുകൊണ്ട് ബുധനാഴ്ചത്തെ പര്യടനം ആരംഭിച്ചു. വൈകുന്നേരം മജ്ബയലില്‍ സമാപിക്കും.
യു ഡി എഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫും ഇടതു സ്ഥാനര്‍ത്ഥി കെ ആര്‍ ജയാനന്ദനും പ്രചരണ രംഗത്ത് സജീവമാണ്.

ഉദുമയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു പള്ളിക്കര പഞ്ചായത്തിലെ ആലക്കോട് നിന്നു ബുധനാഴ്ചത്തെ പ്രചാരണം ആരംഭിച്ചു. രാത്രി പനയാലില്‍ സമാപിക്കും. യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ നീലകണ്ഠനും എന്‍ ഡി എ സ്ഥാനാര്‍ത്ഥി മനുലാല്‍ മേലത്തും പ്രചരണ ചൂടിലാണ്.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ബുധനാഴ്ച വീണച്ചേരി, ആവിക്കര, ഞാണിക്കടവ്, കുറുന്തൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷൈജിയും ബി ജെ പി സ്ഥാനാര്‍ത്ഥി എം ബെല്‍രാജും പ്രചരണ രംഗത്ത് സജീവമാണ്.

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫയുടെ ബുധാഴ്ചത്തെ പര്യടനപരിപാടി സി പി എം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ അഴീത്തലയില്‍ ഉദ്ഘാടനം ചെയ്തു. രാത്രി കയ്യൂര്‍ ചെറിയാക്കരയില്‍ സമാപിക്കും. യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരും എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവി കുളങ്ങരയും മണ്ഡലത്തില്‍ സജീവമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page