സ്‌നേഹ സന്ദേശവുമായി നാടിനെ തലോടി കാഞ്ഞങ്ങാട്ട് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ മുന്നേറുന്നു

കാഞ്ഞങ്ങാട്: സ്‌നേഹ സന്ദേശം പകര്‍ന്നു ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ കാഞ്ഞങ്ങാട്ടു മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ സാധാരണ കോലാഹലങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞു മണ്ഡലത്തിലെ വോട്ടര്‍മാരെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം സന്ദര്‍ശിക്കുന്നു. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. അടിയന്തരമായി പരിഗണിക്കേണ്ട പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ വിശദീകരിക്കുന്നു. അതില്‍ ഇനി ഉണ്ടാകേണ്ട പുരോഗതികള്‍ ചര്‍ച്ച ചെയ്യുന്നു. നാട്ടുകാരനായ സ്ഥാനാര്‍ത്ഥി നാട്ടുകാരുടെ ഓരോരുത്തരുടെയും വിവരങ്ങള്‍ ആരായുന്നതോടൊപ്പം ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയം വന്‍പിച്ച ഭൂരിപക്ഷത്തോടെ ഉറപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

മണ്ഡലത്തിലെ മലയോര മേഖലകളും പ്രധാന സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം സന്ദര്‍ശിച്ചു. വോട്ടര്‍മാരെ നേരിട്ടുകണ്ടു. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യവും വികസനത്തുടര്‍ച്ച ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതകളും ജനങ്ങളുമായി പങ്കുവച്ചു.

കേരളത്തിന്റെ പുരോഗതിക്കൊപ്പം ജില്ലയുടെയും മണ്ഡലത്തിന്റെയും വികസന രംഗത്തെ പുരോഗതി ആഗ്രഹിക്കുന്നവരാണ് മണ്ഡലത്തിലെ ജനങ്ങളെന്ന് കാലം രേഖപ്പെടുത്തിയ മണ്ഡലമാണ് കാഞ്ഞങ്ങാട്. എന്തു രാഷ്ട്രീയ ഭിന്നതകളുണ്ടായാലും വികസന രംഗത്തു ജനങ്ങള്‍ കാഞ്ഞങ്ങാട്ടു മണ്ഡലത്തില്‍ എന്നും ഒറ്റക്കെട്ടായിരുന്നു.

സമാധാനത്തോടെയുള്ള ജനജീവിതവും പരസ്പര സ്‌നേഹം ഊട്ടിയുറപ്പിക്കുന്ന സാഹചര്യവും അടുത്ത തലമുറക്കുവേണ്ടിയുള്ള കരുതലും അതനുസരിച്ചുള്ള പുരോഗമന- വികസന പ്രവര്‍ത്തനങ്ങളുമാണ് മണ്ഡലം ആഗ്രഹിക്കുന്നതെന്ന് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എടുത്തുകാട്ടുന്നു. സ്ഥാനാര്‍ത്ഥിയുടെ സൗമ്യമായ സംസാരവും പുഞ്ചിരിയോടെയുള്ള പെരുമാറ്റവുമൊക്കെ നാട്ടുകാരെ വശീകരിക്കുന്നു. മനുഷ്യനും സമൂഹവുമായി ബന്ധപ്പെട്ടു അദ്ദേഹത്തിനു വ്യക്തവും ഉറച്ചതുമായ സങ്കല്‍പ്പവും ധാരണയുമുണ്ടെന്ന് നാട്ടുകാരെല്ലാം സമ്മതിക്കുന്നു. അത്തരമൊരു സ്ഥാനാര്‍ത്ഥിയായി കാഞ്ഞങ്ങാടിനു ഗോവിന്ദന്‍ പള്ളിക്കാപ്പിലിനെ കിട്ടിയതു നാടിന്റെ സൗഭാഗ്യമായി ഇടതു മുന്നണി പ്രവര്‍ത്തകര്‍ മാത്രമല്ല, നിഷ്പക്ഷമതികളും കാഞ്ഞങ്ങാടിന്റെ പുരോഗതിയില്‍ തല്‍പ്പരരായ വോട്ടര്‍മാരും കരുതുന്നു. ഗോവിന്ദന്‍ പള്ളിക്കാപ്പിന്റെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനു നാടൊരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page