വീട്ടുകാര്‍ പൂരം കാണാന്‍ പോയ സമയത്ത് 25 പവന്‍ കവര്‍ച്ച; പെരിയാട്ടടുക്കം, ചെരുമ്പയിലെ ഹാഷിമും കൂട്ടാളിയും അറസ്റ്റില്‍, 22 പവന്‍ കണ്ടെടുത്തു

കാസര്‍കോട്: വീട്ടുകാര്‍ പൂരം കാണാന്‍ പോയ സമയത്ത് 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാര്‍ അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയാട്ടടുക്കം, ചെരുമ്പ, അഹദ് മന്‍സിലിലെ എഎച്ച് ഹാഷിം (45), കാസര്‍കോട് വിദ്യാനഗറിലെ മനോജ് (49) എന്നിവരെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഷൊര്‍ണൂര്‍, കൂറ്റനാട്, തൊഴുക്കാട്ട് ഹരിഭവനില്‍ സുധീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സുധീറും കുടുംബവും ആമക്കാവ് ക്ഷേത്രത്തിലെ പൂരം കാണാന്‍ പോയതായിരുന്നു.
വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ സംഘം അലമാര കുത്തിത്തുറന്നാണ് ആഭരണങ്ങള്‍ കൈക്കലാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ച നടത്തിയത് ഹാഷിമും കൂട്ടാളിയുമാണെന്നു തിരിച്ചറിഞ്ഞത്. മോഷ്ടാക്കൾ വ്യാപാര സ്ഥാപനത്തിനു മുന്നിലൂടെ നടന്നു പോകുന്നതിന്റെയും ബസില്‍ യാത്ര ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്. പ്രതികള്‍ ബോവിക്കാനം ഭാഗത്ത് ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പട്ടാമ്പി പൊലീസ് എത്തുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. തുടര്‍ന്ന് ഹാഷിമിന്റെ ചെരുമ്പയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 22 പവന്‍ സ്വര്‍ണ്ണം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കവര്‍ച്ചക്കു ശേഷം ശനിയാഴ്ച തന്നെ മോഷ്ടാക്കള്‍ കാസര്‍കോട്ട് എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സ്വര്‍ണ്ണം വില്‍പ്പന നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച കടകള്‍ തുറക്കാതിരുന്നതിനാല്‍ ഒളിവു കേന്ദ്രത്തിലേക്ക് മടങ്ങുകയായിരുന്നു. തൊട്ടുപിന്നാലെയാണ് പൊലീസെത്തി ഇരുവരെയും പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page