നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് ചിത്രം തെളിഞ്ഞു; കാസര്‍കോട് മൂന്നു മുന്നണികളിലും ഇപ്പോഴും അവ്യക്തത , അവസാന നിമിഷം അട്ടിമറി ഉണ്ടാകുമോ? ഉദുമയിലും കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും യുഡിഎഫില്‍ അന്തിമ തീരുമാനമായില്ല, ഊഹാപോഹങ്ങള്‍ തുടരുന്നു

കാസര്‍കോട്: ഏപ്രില്‍ 9ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നണികളും പാര്‍ട്ടികളും പ്രവര്‍ത്തകരും ഒരുങ്ങിയെങ്കിലും ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവ്യക്തത തുടരുന്നു. കാസര്‍കോട് ഒഴികെ നാലു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ഇടതു മുന്നണി തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചു.
സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലമായ മഞ്ചേശ്വരത്ത് മൂന്നു മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികളായി. സിറ്റിംഗ് എംഎല്‍എ ലീഗിലെ എകെഎം അഷ്‌റഫ് യുഡിഎഫിനു വേണ്ടി വീണ്ടും ഗോദയില്‍ ഇറങ്ങുമെന്നുറപ്പായി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച വൈകിട്ടോ ചൊവ്വാഴ്ചയോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ നേരത്തെ തന്നെ മഞ്ചേശ്വരത്ത് ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെആര്‍ ജയാനന്ദയെ പ്രഖ്യാപിച്ചു. ഇതോടെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു.

കാസര്‍കോട് മണ്ഡലത്തില്‍ ഒരു മുന്നണിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. മൂന്നു തവണ എംഎല്‍എ ആയ എന്‍എ നെല്ലിക്കുന്ന് തന്നെ വീണ്ടും മത്സരിക്കുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കെ.എം ഷാജിയും സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി എന്നിവരുടെ പേരുകളും സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മണ്ഡലത്തില്‍ തന്നെ യോഗ്യരായ നിരവധി നേതാക്കളുള്ളപ്പോള്‍ ഇറക്കുമതിക്കെതിരെ പ്രാദേശിക വികാരവും ഉയുന്നുണ്ട്. പ്രവര്‍ത്തകരുടെ വികാരത്തിനു പാര്‍ട്ടി വിധേയപ്പെടുകയാണെങ്കില്‍ അപ്രതീക്ഷിതമായി ജില്ലക്കാരനായ ഒരാൾ പുതുമുഖ സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്.
ബിജെപിയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമായിട്ടില്ല. ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി, മേഖലാ പ്രസിഡണ്ട് കെ. ശ്രീകാന്ത് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
നേതാക്കളുടെ ജനസ്വാധീനം വ്യക്തമാവുന്നതിന് മണ്ഡലത്തില്‍ നിന്നുള്ളവരായിരിക്കണം സ്ഥാനാര്‍ത്ഥി എന്ന വികാരം ബിജെപിയിലുമുണ്ടെന്നറിയുന്നു.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സംബന്ധിച്ചും ധാരണയായില്ല. ഐഎന്‍എല്ലിനാണ് കാസര്‍കോട് മണ്ഡലം. ഇടതുമുന്നണി നേര്‍ച്ചവച്ചിട്ടുള്ളതെന്നും അതിനിയും താങ്ങാന്‍ തങ്ങള്‍ അശക്തരാണെന്നും ഐഎന്‍എല്‍ നേതൃത്വം ഇടതു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പൊതു സ്വതന്ത്രനെ നിര്‍ത്താനുള്ള ആലോചനയും സജീവമാണ്.

ഉദുമയില്‍ സിറ്റിംഗ് എംഎല്‍എ സിഎച്ച് കുഞ്ഞമ്പു തെരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ചു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. മൂന്നു പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ബി.പി പ്രദീപ് കുമാര്‍, കെ. നീലകണ്ഠന്‍, ബിഎം ജമാല്‍ എന്നിവരാണ് പരിഗണനയിലുള്ളത്.
പ്രദീപനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുന്നതെങ്കില്‍ ഇത്തവണ ഉദുമ തീപാറുന്ന പോരാട്ടത്തിനു വേദിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ബി ജെ പി സ്ഥാനാര്‍ത്ഥിയായി കെ ശ്രീകാന്തിനെ പരിഗണിക്കണമെന്നു പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ടെന്നു പറയുന്നു.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എളിമയുടെ ആള്‍രൂപമായ ഗോവിന്ദന്‍ പള്ളിക്കാപ്പിലിനെയാണ് സി പി ഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അദ്ദേഹവും പ്രചരണം തുടങ്ങി. എന്നാല്‍ ഗോവിന്ദന്റെ എതിരാളി ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ടു പേരുകളാണ് യു ഡി എഫിന്റെ പട്ടികയില്‍ ഉള്ളത്. മലയോരത്തു നിന്നുള്ള ഹരീഷ് നായര്‍, പി വി സുരേഷ് എന്നിവരാണ്പരിഗണിക്കപ്പെടുന്നത്.

തൃക്കരിപ്പൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ പ്രചരണം തുടങ്ങി. തിങ്കളാഴ്ച തൃക്കരിപ്പൂരില്‍ നിന്നു നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷന്‍ വരെ റോഡ് ഷോ നടത്തും. യു ഡി എഫില്‍ സ്ഥാനാര്‍ത്ഥി ധാരണ ആയിട്ടില്ല. നിലവില്‍ കേരള കോണ്‍ഗ്രസിനു അര്‍ഹതപ്പെട്ടതാണ് തൃക്കരിപ്പൂര്‍ മണ്ഡലം. ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നു പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഏറ്റെടുത്താല്‍ ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page