കുമ്പള: ഭാസ്‌ക്കരനഗര്‍ റോഡില്‍ വീണ്ടും മാലിന്യം: മാലിന്യക്കച്ചവടക്കാരനു നോട്ടീസ്; പിഴ അറിയിക്കാമെന്നു പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

കുമ്പള: ക്ലീന്‍ ഭാസ്‌ക്കര നഗര്‍ റോഡ് മലിനമാക്കിയേ അടങ്ങൂ എന്നു ചിലര്‍ക്കു വാശിപിടിച്ച പോലെ. കഴിഞ്ഞ ദിവസം റോഡില്‍ക്കണ്ട മാലിന്യ കൂമ്പാരത്തില്‍ നടത്തിയ പരിശോധനയില്‍ ശാന്തിപ്പള്ള സൂപ്പര്‍മാര്‍ക്കറ്റിലെ മാലിന്യമാണെന്നു ബോധ്യപ്പെട്ട നവോദയ ഫ്രണ്ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ സൂപ്പര്‍മാക്കറ്റിലെത്തി വിവരമറിയിക്കുകയും സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ അതു തങ്ങളുടെ മാലിന്യം തന്നെയെന്നു സമ്മതിക്കുകയും ചെയ്തു. ആ മാലിന്യം മാറ്റണമെന്ന് ക്ലബ്ബ് പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും വ്യാപാരി അതിന് വിസമ്മതിച്ചു. വ്യാപാര സിദ്ധാന്തമനുസരിച്ചു സ്ഥാപനം വില്‍ക്കലും വാങ്ങലും നടത്തുന്നു. വിറ്റ സാധനം വ്യാപാര സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാറില്ല.
അതുപോലെ മാലിന്യം കൊണ്ടുക്കളയാന്‍ തങ്ങള്‍ ഒരു ഓട്ടോക്കാരനെ ഏല്‍പ്പിച്ചതാണെന്നും അതിനയാള്‍ക്കു പണം കൊടുത്തിട്ടുണ്ടെന്നും വ്യാപാരി പറഞ്ഞുവത്രെ.
വ്യാപാര കീഴ്‌വഴക്കമനുസരിച്ച് അയാള്‍ കൊണ്ടുപോയ മാലിന്യം അയാളുടെ മാലിന്യമാണെന്നും അതുകൊണ്ട് അയാളെക്കൊണ്ടതു വേണമെങ്കില്‍ തൂത്തുവാരിക്കണമെന്നുമായിരുന്നു സൂപ്പര്‍മാര്‍ക്കറ്റിന്റെ മറുപടിയെന്നു പറയുന്നു.

ഇയാളോടു കൂടുതല്‍ സംസാരിച്ചതു കൊണ്ടോ, അതിനെതിരെ പഞ്ചായത്തിനെ അറിയിച്ചതു കൊണ്ടോ കാര്യമില്ലെന്നു വിലയിരുത്തിയ ക്ലബ്ബ് പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ ശുചിത്വ പോര്‍ട്ടലില്‍ ഓണ്‍ലൈനായി പരാതി രജിസ്റ്റര്‍ ചെയ്തു. പരാതി പഞ്ചായത്തിനെ അറിയിച്ചാല്‍ രാഷ്ട്രീയക്കാരും വ്യാപാരിയും ചേര്‍ന്ന് അവിടം കൊണ്ടത് ഒപ്പിക്കുമെന്നതിനാലാണ് സര്‍ക്കാരിന്റെ ശുചിത്വ പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തതെന്നു ക്ലബ്ബ് പ്രവര്‍ത്തകര്‍ പറഞ്ഞു. പരാതി അയച്ച് അധികം കഴിയും മുമ്പ് കുമ്പള പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തുകയും വ്യാപാരിയോട് 24 മണിക്കൂറിനകം മാലിന്യങ്ങള്‍ മാറ്റാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മാലിന്യം നീക്കം ചെയ്തു റോഡ് ശുചീകരിച്ചു വിവരം അറിയിക്കണമെന്നും ആ അറിയിപ്പു കിട്ടിയാലുടന്‍ പിഴ എത്ര രൂപയാണെന്ന് അറിയിക്കാമെന്നും പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വ്യാപാരിയെ അറിയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page