ഷാനവാസ് പാദൂരും കെ സുരേന്ദ്രനും എ കെ എം അഷ്‌റഫും തിരഞ്ഞെടുപ്പു ഗോദയിലേക്ക്; മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു: എങ്ങും പിരിമുറുക്കം

കാസര്‍കോട്: കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഇത്തവണ തീപാറുന്ന മത്സരത്തിനു സാക്ഷ്യം വഹിക്കും. മൂന്നു മുന്നണികളും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടായേക്കും. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എം എല്‍ എ, എ കെ എം അഷ്‌റഫ് തന്നെ വീണ്ടും ഗോദയില്‍ ഇറങ്ങും. അഷ്‌റഫിന്റെ പേരല്ലാതെ മറ്റൊരു പേരും അവിടെ ഉയര്‍ന്നിട്ടില്ല. അതിനാല്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി കഴിഞ്ഞു.
ബി ജെ പി സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്‍ പ്രചരണം തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 745 വോട്ടിന്റെ വ്യത്യാസത്തില്‍ കൈവിട്ടു പോയ മണ്ഡലത്തില്‍ ഇക്കുറി വിജയക്കൊടി പാറിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയതും സുരേന്ദ്രന്‍ കളത്തില്‍ വീണ്ടും ഇറങ്ങിയതും. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം സജീവമായി കഴിഞ്ഞു. അതേസമയം വിജയ പ്രതീക്ഷ പുലര്‍ത്തുന്ന വലത് -ബി ജെ പി മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി ഇത്തവണ മഞ്ചേശ്വരത്ത് ഷാനവാസ് പാദൂര്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഷാനവാസിന്റെ സാന്നിധ്യം മഞ്ചേശ്വരത്തെ ഇളക്കി മറിക്കുമെന്നു പൊതുവെ കരുതുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന ഷാനവാസ് പാദൂര്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ ജില്ലയിലെ മുഖമാണെന്നു യുവാക്കള്‍ വിശ്വസിക്കുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന നിമിഷം അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ തുളുനാടിന്റെ മണ്ണില്‍ ഷാനവാസ് പാദൂരും അഷ്‌റഫും സുരേന്ദ്രനും ഏറ്റുമുട്ടും എന്നു തന്നെയാണ് ഇപ്പോഴത്തെ സ്ഥിതി. ആധിപത്യം ഉറപ്പിക്കാനും തിരിച്ചുപിടിക്കാനും വിജയപതാക പാറിക്കാനും നടക്കുന്ന മത്സരം മൂന്നു മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അഭിമാന പ്രശ്‌നമായിരിക്കുമെന്നതു പ്രചണരംഗത്തെ മുള്‍മുനയില്‍ നിറുത്തുമെന്നുറപ്പാണ്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് മഞ്ചേശ്വരം സാക്ഷ്യം വഹിച്ചത്. ഏറ്റവും ഒടുവില്‍ 74,437 വോട്ടു നേടിയ എ കെ എം അഷ്‌റഫ് ആണ് ചെര്‍ക്കളം അബ്ദുള്ളയ്ക്കും പി ബി അബ്ദുല്‍ റസാഖിനും മഞ്ചേശ്വരത്ത് പിന്‍തുടര്‍ച്ചക്കാരനായത്.
ബി ജെ പി സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്‍ 2021ലെ തെരഞ്ഞെടുപ്പില്‍ 65,013 വോട്ടും എല്‍ ഡി എഫിനെ വി വി രമേശന് 40,639 വോട്ടുമാണ് ലഭിച്ചത്.
ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില അപ്രസക്തമായിട്ടുണ്ട്. ജനങ്ങളുടെ രാഷ്ട്രീയ മനസ്സ് മാറിയിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകളും മാറിയിട്ടുണ്ട്.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കണക്കില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫിനു 17,528 വോട്ടിന്റെ മേല്‍ക്കൈയുണ്ട്. എന്നാല്‍ 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ യു ഡി എഫിന്റെ ഗ്രാഫ് കുത്തനെ താഴ്ന്നുവെങ്കിലും എന്‍ ഡി എയേക്കാളും 20,000 വോട്ടിന്റെ മേല്‍ക്കൈയുണ്ട്. മൂന്നാം സ്ഥാനത്തെത്തിയ എല്‍ ഡി എഫിനു 41,908 വോട്ടാണ് ലഭിച്ചത്.
ഇത്തവണത്തെ തീപാറുന്ന പോരാട്ടത്തില്‍ മഞ്ചേശ്വരത്തെ ആരു വരിക്കുമെന്ന ചോദ്യം, ജില്ലയില്‍ എന്നല്ല, സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു. മഞ്ചേശ്വരത്ത് വിജയം അത്ഭുതം സൃഷ്ടിക്കുമെന്നു വോട്ടര്‍മാര്‍ ഉറച്ചു വിശ്വസിക്കുന്നു. അസംഭവ്യങ്ങള്‍ സംഭവിക്കുന്നത് ചരിത്ര നിയോഗമാണ്. മഞ്ചേശ്വരം മണ്ഡലം നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രം കുറിക്കുമെന്നു മണ്ഡലവും ജില്ലയും സംസ്ഥാനവും കരുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page