തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോയ ഭക്തര്‍ സഞ്ചരിച്ച ബസില്‍ കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കോഴിക്കോട് വെങ്ങാലി ഗൗരിശങ്കരത്തില്‍ രാഹുല്‍ വാര്യര്‍ (47), ഏറ്റുമാനൂര്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ബസിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടസമയത്ത് ബസിനുള്ളില്‍ പൊങ്കാല അര്‍പ്പിക്കാന്‍ പോയ നിരവധി ഭക്തര്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. ബസില്‍ തട്ടിയ കാര്‍ മുന്നോട്ട് പോയി സമീപത്തുണ്ടായ മറ്റൊരു കാറിലും തട്ടിയെങ്കിലും പരിക്കേല്‍ക്കാതെ എല്ലാവരും രക്ഷപ്പെട്ടു.







