ഗള്‍ഫ് അശാന്തം; നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: അമേരിക്ക – ഇസ്രയേല്‍ സംയുക്ത ആക്രമണവും ഇറാന്റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗള്‍ഫ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ നടുങ്ങി. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടത് ഒരു ഏഷ്യന്‍ വംശജനാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങള്‍ റദ്ദാക്കി. 2.30 ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്‍ഡ്യ വിമാനം റദ്ദാക്കി. 2.38 ന് മസ്‌ക്കറ്റിലേക്ക് പോയ ഒമാന്‍ വിമാനം തിരിച്ചുവിളിച്ചു. ഇന്‍ഡിഗോ വിമാനം അടക്കം വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. 5.20 ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍, ഇന്‍ഡിഗോയുടെ ഗള്‍ഫ് സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. 6.20-ന് ദുബായിലേക്കുള്ള വിമാനം, രാത്രി 9.50-ന് റാസല്‍ഖൈമയിലേക്കുള്ള വിമാനം, രാത്രി 10.50-ന് അബുദാബിയിലേക്കുള്ള വിമാനവും ഇന്‍ഡിഗോ റദ്ദാക്കി. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത മിസൈലുകളുടെ അവശിഷ്ടങ്ങള്‍ സിവിലിയന്‍ കേന്ദ്രങ്ങളില്‍ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇസ്രയേലിനും ബഹ്‌റൈനും ഖത്തറിനും സൗദിക്കും കുവൈത്തിനും പിന്നാലെ യുഎഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്. നിരവധി നഗരങ്ങളില്‍ നിന്ന് സ്‌ഫോടന ശബ്ദം ഉയര്‍ന്നു. യുഎഇ അധികൃതര്‍ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ച അവസ്ഥയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page