ഹണിട്രാപ്പില്‍പ്പെടുത്തി ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവം; പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് പൊലീസ്

കൊച്ചി: ഹണിട്രാപ്പില്‍പ്പെടുത്തി ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കേസിലെ പ്രതികളായ അമല്‍, അനന്തു എന്നിവര്‍ കൊലപാതകം, ലഹരികടത്ത് അടക്കമുള്ള കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഹണിട്രാപ്പ് കേസിലെ ഒന്നാംപ്രതി സഫ്‌ന ഉള്‍പ്പെടുന്ന സംഘം മുന്‍പും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

പറവൂര്‍ സ്വദേശി സഫ്‌ന, കൂട്ടാളികളായ വൈറ്റില സ്വദേശി ജോണ്‍ രാഹുല്‍, ഇരുമ്പനം സ്വദേശി അമല്‍, മരട് സ്വദേശി ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം നല്ലില സ്വദേശിയായ മുപ്പതുകാരന്റെ പരാതിയിലാണു കടവന്ത്ര പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

സംസാരശേഷിയും കേള്‍വി ശക്തിയുമില്ലാത്ത 30കാരനെ സഫ്‌ന സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയും വശീകരിച്ച് എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തുകയുമായിരുന്നു. ഹോട്ടലിലേക്കു വരാന്‍ ആദ്യം വിസമ്മതിച്ച യുവാവിനെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുവരികയായിരുന്നു. മുറിയില്‍ എത്തിയ യുവാവിന് സഫ്‌നയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി.

തുടര്‍ന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ കുളിമുറിയില്‍ ഒളിച്ചിരുന്ന മറ്റ് പ്രതികള്‍ ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കുകയും സഫ്‌നയോടൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. യുവാവ് ഉപയോഗിക്കുന്ന യുപിഐ ആപ് വഴി ബാങ്കിലുള്ള പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും അക്കൗണ്ടില്‍ അധികം പണമില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് യുവാവിനെ ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page