വീട് പുതുക്കിപ്പണിയുന്നതിനിടെ തറയ്ക്കുള്ളില്‍ സ്ത്രീയുടെ അസ്ഥികൂടം; തലയോട്ടിയില്‍ അടിയേറ്റ പാടുകള്‍; കൊലപാതകമെന്ന് സംശയം

തൃശൂര്‍: വീട് പുതുക്കിപ്പണിയുന്നതിനിടെ തറയ്ക്കുള്ളില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടിയിലാണ് വാടകവീടിന്റെ തറയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ 40 വയസുള്ള സ്ത്രീയുടേതാണ് അസ്ഥികൂടം എന്ന് കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടത്തിന് ഏകദേശം എട്ടു വര്‍ഷത്തെ പഴക്കമുണ്ടെന്നും തലയോട്ടിയില്‍ അടിയേറ്റ പാടുകള്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളെല്ലാം സ്ത്രീയുടേത് കൊലപാതകമാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

എരുമപ്പെട്ടിയിലെ വീട് പുതുക്കിപ്പണിയുന്നതിനായി തറ പൊളിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. പായയില്‍ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം അതിനു മുകളില്‍ സിമന്റിട്ട് ഉറപ്പിച്ച നിലയിലായിരുന്നു അസ്ഥികൂടം. തുടര്‍ന്ന് ഉടമസ്ഥര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അസ്ഥികൂടം കണ്ടെത്തിയ വീട്ടില്‍ ഇതുവരെ ആറ് കുടുംബങ്ങള്‍ വാടകയ്ക്ക് താമസിച്ചിരുന്നതായി ഉടമസ്ഥര്‍ പൊലീസിനെ അറിയിച്ചു. ഇവരില്‍ നിന്നെല്ലാം പൊലീസ് മൊഴിയെടുത്തു. മുന്‍പ് ഇവിടെ താമസിച്ചിരുന്ന കുന്നംകുളം സ്വദേശിയായ മരംവെട്ട് തൊഴിലാളിയെ പൊലീസ് അന്വേഷിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചതായി വിവരം ലഭിച്ചു.

ഇദ്ദേഹം മൂന്ന് വിവാഹം കഴിച്ചതായി പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ ഭാര്യമാരില്‍ ആരെങ്കിലും ആണോ കൊല്ലപ്പെട്ടതെന്ന സംശയത്തിലാണ് പൊലീസ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസായതിനാല്‍ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page