കണ്ണൂർ:ഏരുവേശി പഞ്ചായത്ത് മുന്‍ അംഗവുമായ അരീക്കാമലയിലെ കുറുച്ചിയേല്‍ ജോയി ജോണ്‍ (65) അന്തരിച്ചു. ഞായറാഴ്ച ഉച്ചക്ക് വയനാട് വൈത്തിരിയിലാണ് സംഭവം. കുടിയാന്‍മല വൈ.എം.സി.എ അംഗങ്ങള്‍ക്കൊപ്പം വിനോദയാത്ര പോയതായിരുന്നു. യാത്രയ്ക്കിടെ വൈത്തിരിക്ക് സമീപത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെട്ട അദേഹത്തെ കൂടെയുണ്ടായിരുന്ന സഹൃത്തുക്കള്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ഡോക്ടറെ കാണിച്ചു. പരിശോധനകള്‍ക്ക് ശേഷം കുഴപ്പമില്ലെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് യാത്ര തുടരാനായി ആശുപത്രിയില്‍ നിന്നിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഓടിയെത്തിയ ഡോക്ടര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. പൊലീസ് സർവ്വീസിലായിരുന്ന ജോയൽ ജോൺ തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ്, കുടിയാന്‍മല, ആലക്കോട് ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. സി.പി.എം പ്രവര്‍ത്തകനാണ്. കുടിയാന്‍മല കൊക്കമുള്ള് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഏരുവേശി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കുടിയാന്‍മല വൈസ് മെന്‍സ് ക്ലബ് പ്രസിഡണ്ടും വൈ.എം.സി.എ സെക്രട്ടറിയുമാണ്. കുടിയാന്‍മല അനുപമ ഗ്രന്ഥാലയം പ്രസിഡണ്ട്, സാന്ത്വനം പാലിയേറ്റീവ് കെയര്‍, സി.എ. മാത്യു ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: വെള്ളാട് കൈതയ്ക്കല്‍ കുടുംബാംഗം ജാന്‍സമ്മ (റിട്ട. പ്രധാനാധ്യാപിക. ഗവ. യു.പിസ്‌കൂള്‍ വലിയ അരീക്കാമല). മകന്‍: ദില്‍സ്(ഓസ്‌ട്രേലിയ). സഹോദരങ്ങള്‍: എല്‍സമ്മ (അരീക്കാമല), സിസ്റ്റര്‍ ആനീസ്(മൈസൂരു), ബാബു (കാസര്‍ക്കോട്), ജെസി (നെല്ലിക്കുറ്റി )







