ശബരിമല സ്വര്‍ണ്ണക്കൊള്ള: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം തിങ്കളാഴ്ച വീണ്ടും നിയമസഭാ സമ്മേളിച്ചപ്പോള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള സഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പുതുയുഗ യാത്രയില്‍ ആയതിനാല്‍ ഡെപ്യൂട്ടി ലീഡര്‍ കെ ബാബുവാണ് സംസാരിച്ചു തുടങ്ങിയത്. സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതികള്‍ക്ക് കൂട്ട ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രിയുടെ വാദം എടുത്തുകാട്ടിയുമാണ് പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കിയത്.

ആചാര ലംഘനത്തിനു കൂട്ട് നില്‍ക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. തന്ത്രിയെ അനാവശ്യമായി അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളെല്ലാം പുറത്താണെന്നും പ്രതിപക്ഷം ആരോപിച്ചു. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് സഭയില്‍ നിസ്സഹകരണം പ്രഖ്യാപിച്ച പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. പ്ലക്കാര്‍ഡുകളുയര്‍ത്തി ഡയസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പ്രതിഷേധം രൂക്ഷമായതോടെ ഭരണപക്ഷത്ത് നിന്ന് മറുപടി പറയാന്‍ എഴുന്നേറ്റ മന്ത്രി പി രാജീവ് പ്രതിപക്ഷ വിമര്‍ശനം ഹൈക്കോടതിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി. കെ.ബാബുവിന് പ്രസംഗിക്കാന്‍ അവസരം കിട്ടിയെന്ന് കണക്കാക്കിയാല്‍ മതിയെന്നായിരുന്നു മന്ത്രി രാജീവിന്റെ മറുപടി. എസ്.ഐ.ടി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. തന്ത്രി വാദിയെന്നോ പ്രതിയെന്നോ ഉള്ള കാര്യം സര്‍ക്കാരിനെ ബാധിക്കുന്നതല്ല. സര്‍ക്കാരിന് മുന്നില്‍ റിപ്പോര്‍ട്ട് വരുന്നില്ല. അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു റോളും ഇല്ല. മത നിരപേക്ഷ കേരളത്തിന് കോണ്‍ഗ്രസ് നിലപാട് അപകടകരമാണെന്നും മന്ത്രി രാജീവ് പറഞ്ഞു.തന്ത്രിയെ മുന്‍നിര്‍ത്തി പ്രതിപക്ഷം തന്ത്രം മെനയുന്നുവെന്ന് ഭരണപക്ഷം ആരോപിച്ചു. സോണിയ ഗാന്ധിയുടേയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടേയും ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് ഭരണപക്ഷം പ്രതിരോധിച്ചത്. എന്ത് പ്രത്യേക അവകാശമാണ് തന്ത്രിക്ക് ഉള്ളതെന്ന് മന്ത്രി എം.ബി രാജേഷ് വിമര്‍ശിച്ചു. പ്രതിപക്ഷം സഭയില്‍ ബഹളം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page