മഞ്ചേശ്വരം, പാവൂരിലെ തട്ടികൊണ്ടു പോകല്‍: ഇരയെ പിന്തുടര്‍ന്ന് രക്ഷിച്ചു; 4 പേര്‍ അറസ്റ്റില്‍, രണ്ടു കാറുകളും പിടികൂടി, സംഭവം സിനിമാക്കഥപോലെ

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാവൂരില്‍ നിന്നു തട്ടിക്കൊണ്ടുപോയ മധ്യവയസ്‌കനെ പൊലീസ് സാഹസിമായി രക്ഷപ്പെടുത്തി. സംഭവത്തില്‍ നാലുപേരെ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. തട്ടികൊണ്ടുപോകലിനു ഉപയോഗിച്ച രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു.

മഞ്ചേശ്വരം, പാവൂര്‍ സ്വദേശികളായ അബ്ദുല്‍ ഗഫൂര്‍ (25), അബ്ദുല്‍ അനസ് (27), മുഹമ്മദ് ഷിഹാബ് (40), മുഹമ്മദ് റഫീഖ് (40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പാവൂര്‍, കൊമ്പംകുഴിയിലെ സാമിയ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ റഹ്‌മാനെ വെള്ളിയാഴ്ച രാത്രി 10.45 മണിയോടെയാണ് പൊലീസ് യൂണിഫോമില്‍ എത്തിയവരും ഒരു സ്ത്രീയും ഉള്‍പ്പെടെയുള്ളവര്‍ തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ അതിക്രമിച്ചു കടന്ന സംഘം ബലം പ്രയോഗിച്ചാണ് അബ്ദുല്‍ റഹ്‌മാനെ തട്ടികൊണ്ടുപോയതെന്നു ഭാര്യ താഹിറ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതു പ്രകാരം ഗഫൂര്‍, സബീന, കണ്ടാല്‍ അറിയാവുന്ന മറ്റു മൂന്നു പേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് നാലു പ്രതികള്‍ പിടിയിലായതെന്നു പൊലീസ് പറഞ്ഞു.

സംഭവത്തിനു പിന്നില്‍ ഒരു കോടി രൂപയുടെ ഇടപാടെന്ന് പൊലീസ്

രണ്ടുമാസം മുമ്പാണ് കേസിനു ആസ്പദമായ സംഭവത്തിനു തുടക്കം. അബ്ദുല്‍ റഹ്‌മാന്റെ മകന്‍ സാമിയ അറസ്റ്റിലായ അബ്ദുല്‍ ഗഫൂറില്‍ നിന്നു സ്വര്‍ണ്ണം ഉള്‍പ്പെടെ ഒരു കോടി രൂപ വാങ്ങിയിരുന്നുവെന്നു പറയുന്നു. അമിത ലാഭം വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതത്രെ. എന്നാല്‍ ഈ പണമോ ലാഭമോ നല്‍കാതെ വന്നതിനെ തുടര്‍ന്ന് അബ്ദുല്‍ ഗഫൂര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ സിവില്‍ പരാതിയായതിനാല്‍ കോടതിയെ സമീപിക്കുവാന്‍ നിര്‍ദ്ദേശിച്ച പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പണം തിരികെ കിട്ടാനുള്ള തിരക്കഥ തയ്യാറാക്കിയതെന്നു പൊലീസ് പറഞ്ഞു.

കേസെടുത്തത് രാജസ്ഥാനില്‍; മുടക്കിയത് 5 ലക്ഷം രൂപ

പണം തട്ടിയതിന് മഞ്ചേശ്വരം പൊലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സാമിയയുടെ പിതാവിനെതിരെ രാജസ്ഥാന്‍ പൊലീസില്‍ പരാതി നല്‍കി. രാജസ്ഥാന്‍ സ്വദേശിയായ പൂനംചന്ദിന്റെ പരാതി പ്രകാരം ബേവാര്‍ ജില്ലയിലെ ജയതാരം പൊലീസാണ് കേസെടുതത്ത്. ഒരു കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ടു പൊലീസുകാര്‍ വിമാനമാര്‍ഗ്ഗം മംഗ്‌ളൂരുവിലെത്തി. വെള്ളിയാഴ്ച രാത്രി മറ്റു പ്രതികളെയും കൂട്ടി പൊലീസ് സംഘം രണ്ടു കാറുകളിലായി പാവൂരിലെത്തി. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി അബ്ദുള്‍ റഹ്‌മാനെ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇതു സംബന്ധിച്ച പരാതി ലഭിച്ച ഉടന്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. അബ്ദുള്‍ ഗഫൂര്‍ ഉള്‍പ്പെടെയുള്ള നാലുപേരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പാവൂര്‍ മുതല്‍ വിവിധ സ്ഥലങ്ങളിലുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കാറിന്റെ നമ്പര്‍ ലഭിച്ചതോടെ അന്വേഷണം മംഗ്‌ളൂരുവിലേയ്ക്ക് നീണ്ടു. പിന്നാലെ സംഘം തങ്ങിയ ലോഡ്ജ് കണ്ടെത്തി. ലോഡ്ജില്‍ വച്ച് പണം ഇടപാട് സംബന്ധിച്ച് പ്രശ്‌നം പറഞ്ഞു തീര്‍ക്കുകയായിരുന്നു അക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്നു പറയുന്നു. എന്നാല്‍ അബ്ദുള്‍ റഹ്‌മാന്‍ പണം നല്‍കാന്‍ കഴിയില്ലെന്നു അറിയിച്ചതോടെ സംഘം ഇയാളെയുമായി മംഗ്‌ളൂരുവിട്ടു. കാര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്നു തിരിച്ചറിഞ്ഞ പൊലീസ് സംഘം പിന്‍തുടര്‍ന്നു. സകലേഷ്പുരയില്‍ എത്തിയപ്പോള്‍ കാര്‍ കണ്ടെത്തി തടഞ്ഞു നിര്‍ത്തി. അബ്ദുല്‍ ഗഫൂറും അബ്ദുല്‍ അനസും തട്ടിക്കൊണ്ടുപോകപ്പെട്ട അബ്ദുല്‍ റഹ്‌മാനുമാണ് കാറില്‍ ഉണ്ടായിരുന്നത്. കാറുമായി മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികളെ കണ്ടെത്താന്‍ എസ് ഐ വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള സംഘം യാത്ര തുടര്‍ന്നു. ഷിമോഗയില്‍ എത്തിയപ്പോള്‍ മുഹമ്മദ് ഷിഹാബും മുഹമ്മദ് റഫീഖും മറ്റുള്ളവരും സഞ്ചരിച്ചിരുന്ന കാറും പിടികൂടി. രാത്രിയില്‍ മഞ്ചേശ്വരത്ത് എത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിനെ കൂടാതെ എസ് ഐ മാരായ വൈഷ്ണവ്, രതീഷ്, എ എസ് ഐ അജിത്ത്, ഡ്രൈവര്‍ സന്ദീപ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജയന്‍, സനൂപ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page