ന്യൂഡല്‍ഹി: തേജസ് യുദ്ധവിമാനം ലാന്റിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനത്തിന് വലിയ തോതില്‍ കേടുപാടുകള്‍ പറ്റിയതായി അധികൃതര്‍ അറിയിച്ചു. പൈലറ്റ് അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫെബ്രുവരി ഏഴിന് പരിശീലന പറക്കലിന് ശേഷം വ്യോമതാവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
അപകടത്തെക്കുറിച്ച് വ്യോമസേന ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ വിശദമായ സാങ്കേതിക പരിശോധനകള്‍ക്കായി മുപ്പതോളം സിംഗിള്‍ സീറ്റ് തേജസ് വിമാനങ്ങളെ വ്യോമസേന താല്‍ക്കാലികമായി സേവനത്തില്‍നിന്നു മാറ്റിനിര്‍ത്തി.
2015 ല്‍ സര്‍വീസില്‍ പ്രവേശിച്ചതിനുശേഷം തേജസ് വിമാനങ്ങള്‍ ഉള്‍പ്പെട്ട മൂന്നാമത്തെ അപകടമാണ് ഇത്. 2024 മാര്‍ച്ചില്‍ ജയ്സല്‍മേറിന് സമീപം തേജസ് വിമാനം തകര്‍ന്നു വീണിരുന്നു. ദുബായ് എയര്‍ഷോയിലെ പ്രകടനത്തിനിടെ 2025 നവംബറില്‍ രണ്ടാമത്തെ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചിരുന്നു. തേജസ് നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്, വ്യോമസേനയ്ക്ക് നല്‍കേണ്ട ‘തേജസ് മാര്‍ക്ക് 1 എ’ പതിപ്പിന്റെ വിതരണം വൈകുന്നതിനിടെയാണ് ഇപ്പോഴത്തെ സംഭവം. എന്‍ജിനുകള്‍ നല്‍കുന്നതില്‍ അമേരിക്കന്‍ കമ്പനിയായ ജിഇ എയ്റോസ്പേസ് വരുത്തിയ കാലതാമസമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.







