മങ്കട സദാചാര കൊലക്കേസില്‍ 5 പ്രതികള്‍ക്കും ജീവപര്യന്തം

മലപ്പുറം: മങ്കട സദാചാര കൊലക്കേസില്‍ അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍ ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീന്‍, രണ്ടാംപ്രതി അബ്ദുല്‍ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈന്‍, അഞ്ചാംപ്രതി മുഹമ്മദ് സുഹൈല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊന്നു എന്നാണ് കേസ്. 2016 ജൂണ്‍ 28ന് പുലര്‍ച്ചെ ആയിരുന്നു കൊലപാതകം.

ആള്‍ക്കൂട്ട കൊലയും ഭീകരവാദ പ്രവൃത്തിക്ക് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. ആള്‍ക്കൂട്ട കൊലപാതകം നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിക്കേറ്റ് അവശനായ ആളെ ആശുപത്രിയില്‍ കൊണ്ടുപോകാതെയും വെള്ളം കൊടുക്കാതെയുമുള്ള പ്രതികളുടെ പ്രവൃത്തി കൊലപാതകത്തിന് തുല്യമാണെന്ന് കോടതി വിലയിരുത്തി.

സുഹൃത്തായ യുവതിയുടെ വീട്ടിലേക്ക് അവര്‍ വിളിച്ചതിനെ തുടര്‍ന്നാണ് നസീര്‍ എത്തിയത്. ഇത് മനസിലാക്കിയ പ്രതികള്‍ വിറക് പുരയുടെ വാതില്‍ തകര്‍ത്ത് വിറകുകള്‍ എടുത്ത് നസീറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് സമീപത്ത് തന്നെ താമസിക്കുന്ന നസീറിന്റെ കുടുംബവും സമീപവാസികളും എത്തി യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും വെള്ളം നല്‍കാനും ശ്രമിച്ചെങ്കിലും അത് തടഞ്ഞ പ്രതികള്‍ യുവാവ് മരിക്കും വരെ അവിടെ കാവല്‍ നില്‍ക്കുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം പ്രോസ്‌ക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം പരിഗണിച്ചാണ് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

മര്‍ദന ദൃശ്യം ഒന്നാം പ്രതിയുടെ ഫോണില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ വീണ്ടെടുത്തതാണ് കേസില്‍ നിര്‍ണായകമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page