ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

കാസര്‍കോട്: ആറുമാസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവാവിനെ നാടകീയമായ നീക്കത്തിലൂടെ കര്‍ണ്ണാടകയില്‍ കണ്ടെത്തി. ഉപ്പള, സോങ്കാല്‍, പ്രതീപ് നഗറിലെ ശിവനന്ദന്റെ മകന്‍ കൃപേഷി (23)നെയാണ് ഷിമോഗ, കളസയില്‍ കണ്ടെത്തിയത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ കീഴില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ദിനേശ്, മനു, ചന്ദ്രകാന്ത്, സന്ദീപ് എന്നിവരാണ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.
2025 സെപ്തംബര്‍ 24ന് രാവിലെ പത്തുമണിക്കാണ് ഉപ്പളയിലെ കെ എം സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കാരനായ കൃപേഷിനെ കാണാതായത്. കടയില്‍ നിന്നു മെഡിക്കല്‍ ഷോപ്പിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് പോയ ശേഷം തിരിച്ചെത്തിയില്ലെന്നു കാണിച്ച് പിതാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നു. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് കൃപേഷ് 10000 രൂപ കൊടുക്കാന്‍ ഉണ്ടായിരുന്നുവത്രെ. പണം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് യുവാവിനെ കാണാതായത്. കര്‍ണ്ണാടകയിലും ആന്ധ്രയിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കൃപേഷിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ മകനു ഭീഷണി ഉണ്ടായിരുന്നുവെന്നും തട്ടിക്കൊണ്ടുപോയതായിരിക്കുമെന്നും കാണിച്ച് മാതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
കാണാതായതിനു ശേഷം കൃപേഷ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇതിനിടയില്‍ മറ്റൊരാളുടെ ഫോണില്‍ നിന്നു തന്റെ ഫേസ് ബുക്ക് അക്കൗണ്ട് തുറന്നതായി അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് കേസിനു വഴിത്തിരിവായത്.
കൃപേഷ് കര്‍ണ്ണാടകയിലെ ഷിമോഗയില്‍ ഉള്ളതായും പൊലീസ് സ്ഥിരീകരിച്ചു. ഇതു പ്രകാരം പൊലീസ് സംഘം അവിടെ എത്തി നടത്തിയ അന്വേഷണത്തില്‍ കൃപേഷ് കോണ്‍ക്രീറ്റ് ജോലി ചെയ്തു വരുന്നതായി സ്ഥിരീകരിച്ചു. കോണ്‍ക്രീറ്റ് മേസ്ത്രിയെയും കണ്ടെത്തി വിവരങ്ങള്‍ ആരാഞ്ഞു. ഇതിനിടയില്‍ തന്നെ തേടി പൊലീസ് എത്തിയതായുള്ള വിവരം കൃപേഷിനു ലഭിച്ചു. തുടര്‍ന്ന് അവിടെ നിന്നും സ്ഥലം വിടുന്നതിനിടയിലാണ് കാണാതായ യുവാവ് പിടിയിലായതെന്നു പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page