ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 65 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായി

വഡോദര: ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 65 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി. വഡോദര വഗോദിയ റോഡിലെ കോസ്‌മോസ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ സൂക്ഷിച്ച 408 ഗ്രാം സ്വര്‍ണാഭരണമാണ് കാണാതായത്. അമേരിക്കയില്‍ താമസക്കാരനായ വഡോദര സ്വദേശി നരേന്ദ്ര ഷായുടെ സ്വര്‍ണമാണ് മോഷണം പോയത്. മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫെബ്രുവരി 18ന് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് വേണ്ടി ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണമെടുക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന അലുമിനിയം ബോക്‌സിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്.
ലോക്കറില്‍ നിന്നെടുത്ത അലുമിനിയം ബോക്‌സിലെ പൂട്ട് തുറന്ന നിലയിലായിരുന്നു. ഇതോടെ സംശയം തോന്നിയ നരേന്ദ്ര ഷായുടെ ഭാര്യ ബോക്‌സ് തുറന്ന് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്.

വളകളും, ബ്രേസ്ലെറ്റുകളും, മാലകളും, സ്വര്‍ണ നാണയങ്ങളുമാണ് ബോക്‌സില്‍ ഉണ്ടായിരുന്നതെന്ന് പറയുന്നു. അതേസമയം ബോക്‌സില്‍ ഉണ്ടായിരുന്ന വെള്ളി ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. മോഷണ വിവരം ബാങ്ക് ജീവനക്കാരെ അറിയിച്ചപ്പോള്‍ വിവരം പുറത്ത് പറയരുതെന്നും ബാങ്കിനുള്ളില്‍ തന്നെ സംസാരിച്ച് പരിഹരിക്കാമെന്നുമായിരുന്നു പ്രതികരണമെന്നു കുടുംബം പറയുന്നു.

എന്നാല്‍ മകളുടെ വിവാഹ തീയതി അടുത്തതിനാല്‍ പ്രവാസി കുടുംബം പൊലീസിന്റെ സഹായം തേടുകയായിരുന്നു. 2024ല്‍ ആണ് കുടുംബം ബാങ്ക് ലോക്കറില്‍ സ്വര്‍ണം വച്ചത്. സംഭവത്തില്‍ വഡോദരയിലെ ബാപോദ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡ്യുവല്‍ കീ സംവിധാനത്തിലാണ് ബാങ്കിലെ ലോക്കര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

കുടുംബത്തിലെ മറ്റ് ചിലര്‍ക്കും ലോക്കര്‍ തുറക്കാന്‍ അനുവാദമുണ്ടെന്ന് ബാങ്ക് ജീവനക്കാര്‍ അറിയിച്ചു. അതിനാല്‍ തന്നെ സിസിടിവി ദൃശ്യങ്ങളും ലോക്കര്‍ പരിശോധിച്ചവരുടെ രേഖകളും അടക്കം പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സംഭവം പുറത്ത് വന്നതിന് പിന്നാലെ ലോക്കര്‍ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ബാങ്കില്‍ ഇടപാടുകാരുടെ നീണ്ട തിരക്ക് അനുഭവപ്പെടുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page