ടോള്‍ബൂത്ത്: എം പി ക്കെതിരെ വിമര്‍ശനം: രാഷ്ട്രീയ വിവാദത്തിനു വേദി ഒരുങ്ങുന്നു

കുമ്പള: കുമ്പളയിലെ നാഷണല്‍ ഹൈവേ ടോള്‍ബൂത്ത് പ്രശ്‌നം രാഷ്ട്രീയ വിവാദത്തിനു വഴിമാറുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ പ്രശ്‌നം ഏതു മുന്നണിക്കാണു നേട്ടമുണ്ടാക്കുകയെന്നു ജനങ്ങളെ സംശയിപ്പിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നു.

ടോള്‍ബൂത്ത് പ്രശ്‌നത്തില്‍ 28നു ഉണ്ടാകുമെന്നു കരുതുന്ന ഹൈക്കോടതി അന്തിമ തീരുമാനം ഏതു തരത്തിലായാലും അതു ഏതു മുന്നണിയെ ദോഷകരമായി ബാധിക്കുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടുത്തിടെ ഒരു യോഗത്തില്‍ നടത്തിയതായി പറയുന്ന പരാമര്‍ശമാണ് കാര്യങ്ങളെ ഇത്തരത്തില്‍ കൊണ്ടെത്തിച്ചത്. ആരും അറിയാതെ ഒരു വിദ്വാന്‍ ഇക്കാര്യത്തില്‍ (ടോള്‍ബൂത്ത്) ഹൈക്കോടതിയെ സമീപിച്ചെന്നും കോടതി പരാതി സംബന്ധിച്ച് എതിര്‍കക്ഷിയായ നാഷണല്‍ ഹൈവേ അതോറിറ്റിയോട് എതിര്‍ സത്യവാങ് മൂലം ആവശ്യപ്പെട്ടപ്പോള്‍ പ്രത്യേക സാഹചര്യങ്ങളില്‍ 60 കിലോ മീറ്ററിനിടക്കു ടോള്‍ബൂത്ത് സ്ഥാപിക്കാമെന്നുള്ള വ്യവസ്ഥ കോടതിയെ അറിയിച്ചെന്നും അതിന്റെ അടിസ്ഥാനത്തില്‍ സിംഗിള്‍ ബെഞ്ച് പരാതി തള്ളിക്കളഞ്ഞുവെന്നും ഇപ്പോള്‍ ഡിവിഷന്‍ ബഞ്ചില്‍ ആദ്യ വിധിക്കെതിരെയുള്ള അപ്പീലാണ് നടക്കുന്നതെന്നുമായിരുന്നു എം പിയുടെ പരാമര്‍ശമെന്നു സമരസമിതി ഭാരവാഹിയും സി പി എം കുമ്പള ഏരിയാ സെക്രട്ടറിയുമായ സി എ സുബൈറിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസം സമരസമിതി യോഗത്തിനു ശേഷം തയ്യാറാക്കിയ വീഡിയോ ക്ലിപ്പില്‍ കോണ്‍ഗ്രസ് ഭാരവാഹികളായ ഫാറൂഖ് ഷിറിയ, ലക്ഷ്മണപ്രഭു, മുസ്ലീംലീഗ് ഭാരവാഹികളായ അഷ്‌റഫ് കാര്‍ള, കെ പി സത്താര്‍, കെ വി യൂസഫ് എന്നിവരും വെല്‍ഫെയര്‍ പാര്‍ട്ടിയിലെ അബ്ദുള്‍ ലത്തീഫും ഐ എന്‍ എല്ലിലെ താജുദ്ദീന്‍ മൊഗ്രാലുമുണ്ട്.
ടോള്‍ബൂത്ത് സ്ഥാപിക്കാന്‍ കരാറുകാര്‍ എടുത്ത കുഴി സമരസമിതിയുടെ നേതൃത്വത്തില്‍ മൂടിയപ്പോള്‍ അവിടെ എത്തിയ എം പി എന്തുവന്നാലും ടോള്‍ബൂത്ത് സ്ഥാപിക്കാനനുവദിക്കില്ലെന്നും അതിനെതിരെ വെടിവെയ്പുണ്ടായാല്‍ തന്റെ നെഞ്ചു തുളച്ച ശേഷമേ വെടിയുണ്ട മറ്റെവിടെയെങ്കിലും തറക്കൂ എന്നും പറഞ്ഞിരുന്നെന്നു സമരസമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ എം പി വെടിയുണ്ടക്കു മുന്നില്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണെന്നും അവര്‍ക്കു പരിഭവമുണ്ട്. സമരത്തെക്കുറിച്ചു ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നു സമരസമിതിയുടെ വീഡിയോയില്‍ പറഞ്ഞു. എം പിയുടെ പ്രസ്താവനയാണ് ഇതില്‍ പ്രധാനമെന്നും സുബൈര്‍ ചൂണ്ടിക്കാട്ടി.
എട്ടുമാസമായി നടക്കുന്ന ടോള്‍ബൂത്ത് സമരത്തെ സംശയത്തിന്റെ നിഴലില്‍ നിറുത്തുന്ന തരത്തിലാണ് എം പി പരാമര്‍ശം നടത്തിയതെന്നു സുബൈര്‍ ആരോപിച്ചു. നിയമവിരുദ്ധ നടപടിയെ നിയമപരമായി നേരിട്ടപ്പോള്‍ അതില്‍ ആദ്യം തിരിച്ചടിയുണ്ടായതു കൊണ്ടു ടോള്‍ബൂത്തു വന്നു എന്ന ധ്വനിയാണ് എം പിയുടെ പരാമര്‍ശത്തിലെന്നു സുബൈര്‍ പറഞ്ഞു. അതേസമയം ടോള്‍ബൂത്തിനെതിരായി നടന്ന കളക്ട്രേറ്റ് മാര്‍ച്ചില്‍ ഡി സി സി പ്രസിഡന്റും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തുവെന്നു സുബൈര്‍ ചൂണ്ടിക്കാട്ടി.
28ന് ഡിവിഷന്‍ ബെഞ്ചു ടോള്‍ബൂത്ത് കേസില്‍ വിധി പറയാനിരിക്കെ ആക്ഷന്‍ കമ്മിറ്റിയെ ജനമധ്യത്തില്‍ സംശയത്തിന്റെ നിഴലില്‍ നിറുത്തുന്നതു ശരിയല്ല. ജനകീയാവശ്യത്തിനു എം പി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നു സുബൈര്‍ ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നം എം പി പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. ടോള്‍ബൂത്ത് മാറ്റിക്കുന്നതിനുള്ള നടപടിയെടുപ്പിക്കണം- സുബൈര്‍ പറഞ്ഞു.
അതേസമയം ഇടതു സ്ഥാനാര്‍ത്ഥി ജയിച്ചുകൊണ്ടിരുന്ന മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ജനങ്ങള്‍ തുടര്‍ച്ചയായി ജയിപ്പിച്ചതിനു പ്രത്യുപകാരമായി അദ്ദേഹം വോട്ടു ചെയ്തു ജയിപ്പിച്ച ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നു ഇതു സംബന്ധിച്ച മറ്റു സമൂഹ മാധ്യമ പ്രചരണങ്ങളില്‍ പറയുന്നു. ടോള്‍ സമരത്തിന്റെ ആദ്യഘട്ടം മുതല്‍ ജനപ്രതിനിധികള്‍ രണ്ടു തട്ടിലാണെന്നു മറ്റു ചില സാമൂൂഹ്യ മാധ്യമങ്ങളും പറയുന്നുണ്ട്. എല്ലാവരും കൂടി സമരത്തെ മനഃപൂര്‍വ്വം തകര്‍ക്കുകയാണോ എന്നു മറ്റുചിലര്‍ സംശയം പ്രകടിപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page