മംഗളൂരു : പുത്തൂർ അഡീ.ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ(അഞ്ച്)
വ്യാഴാഴ്ച കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ് ആശുപത്രിയിലായി.കാവ് മണിയട്ക നിവാസി രവിയാണ് (39) നിരോധിത എന്റോസൾഫാന് പകരം ഉപയോഗിക്കുന്ന കീടനാശിനി അകത്താക്കിയത്.
കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ യുവാവ് കശുമാവ് തോട്ടങ്ങളിൽ ഉപയോഗിക്കുന്ന ‘കരാട്ടെ’ എന്നറിയപ്പെടുന്ന കീടനാശിനി അടങ്ങിയ കുപ്പി പുറത്തെടുത്ത് ആരെങ്കിലും ഇടപെടുന്നതിന് മുമ്പ് കുടിച്ചതായി ദൃക്സാക്ഷികൾ വിവരിച്ചു.
കോടതി മുറിക്കുള്ളിൽ രവി ഛർദ്ദിക്കാൻ തുടങ്ങി.തുടർന്ന് കോടതി ജീവനക്കാരും സമീപത്തുള്ളവരും ചേർന്ന് യുവാവിനെ പുത്തൂർ ഗവ. ആശുപത്രിയിൽ എത്തിച്ചു.
രവിയും ഭാര്യ വിദ്യാശ്രീയും തമ്മിൽ രണ്ട് ദിവസം മുമ്പ് വാക്കുതർക്കത്തിലേർപ്പെടുകയും രവി വിദ്യാശ്രീയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇത് സംബന്ധിച്ച് സാംപ്യ റൂറൽ പൊലീസിൽ പരാതി നൽകിയിരുന്നു.വധശ്രമ കേസിന്റെയും വിവാഹമോചന ചർച്ചകളുടെയും സമ്മർദ്ദത്തിനിടയിൽ വ്യാഴാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് രവിയെ വിളിപ്പിച്ചു. പൊലീസ് സ്റ്റേഷനിൽ ഹാജരാവുന്നതിന് പകരം അയാൾ നേരെ കോടതിയിലേക്കാണ് പോയത്.നില ഗുരുതരമായതിനാൽ
പുത്തൂർ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി രവിയെ കയറ്റിയപ്പോൾ അതേ ആംബുലൻസിൽ ഭാര്യ വിദ്യാശ്രീയും ഒപ്പം ഉണ്ടായിരുന്നു.മംഗളൂരു ആശുപത്രിയിലും അവർ ഭർത്താവിനെ പരിചരിക്കുന്നു. ‘







