ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ ‘പ്രേതം’!; സമരസമിതി നേതാക്കള്‍ പേടിച്ചോടി

കാസര്‍കോട്: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ ‘പ്രേതം’!. കെട്ടിടം സന്ദര്‍ശിക്കാന്‍ എത്തിയ സമരസമിതി നേതാക്കള്‍ പേടിച്ചോടി!.
2013ല്‍ തറക്കല്ലിട്ട കെട്ടിടത്തിന്റെ പണി ഇനിയും പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് സമര സമിതി നേതൃത്വത്തില്‍ നടന്ന ഞെട്ടിക്കല്‍ സമരത്തിലാണ് പ്രേതത്തെക്കണ്ടു സമരക്കാര്‍ ഞെട്ടിയതെന്നു പറയുന്നു. ഇതു നാട്ടുകാരെയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പരിഭ്രമിപ്പിക്കാനുള്ള അടവായിരുന്നുവെന്നും പറയുന്നുണ്ട്. സാധാരണ വെള്ളിയാഴ്ചകളിലാണ് പ്രേതങ്ങള്‍ ഇറങ്ങി നടക്കുന്നതെന്ന് നാട്ടുകാര്‍ അനുസ്മരിച്ചു. ചിലപ്പോള്‍ ഇന്നലെ ഇറങ്ങിയ പ്രേതങ്ങള്‍ കോളേജ് പരിസരത്ത് ഒളിച്ചിരുന്നിട്ടുണ്ടാവുമെന്ന് അവര്‍ സമാധാനിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് മെഡിക്കല്‍ കോളേജ് വളപ്പില്‍ വ്യത്യസ്തമായ സമരമുറ അരങ്ങേറിയത്. പൂര്‍ത്തിയാകാത്ത കെട്ടിടം കാടു പിടിച്ച നിലയിലാണ്. കെട്ടിടത്തിനു അകത്തു പ്രേതം ഉണ്ടെന്നും രക്ഷിക്കണേയെന്ന് നിലവിളിച്ചുമാണെന്ന് സമരസമിതി നേതാക്കള്‍ കെട്ടിടത്തിനു ചുറ്റിലും ഓടിയതെന്നു പറയുന്നു. ഇത് കണ്ടു ജനങ്ങളും തടിച്ചു കൂടി. ഒടുവിലാണ് സംഭവം പുതിയ സമരമുറയാണെന്നു നാട്ടുകാര്‍ക്ക് മനസ്സിലായത്.
രാഷ്ട്രീയക്കാരുടെ ഓരോരോ സമരമെന്നു പറഞ്ഞ് ഓടിക്കൂടിയവര്‍ വന്നവഴിക്കു മടങ്ങി.
ജില്ലാ പഞ്ചായത്ത് അംഗം ജെ എസ് സോമശേഖര, ബദിയഡുക്ക പഞ്ചായത്തംഗം മാഹിന്‍ കേളോട്ട്, സലാം കന്യപ്പാടി, അന്‍വര്‍ ഓസോണ്‍, ശ്രീനാഥ് ശശി, ബി എസ് ഗാംഭീര്‍, ആയിഷ പെര്‍ള, സിദ്ദീഖ് ഒളമുഗറു നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page