കാഞ്ഞങ്ങാട് : ഒരു നൂറ്റാണ്ട് ലോകത്തെയും പ്രപഞ്ച വിജ്ഞാനത്തെയും മാറ്റിമറിച്ച ക്വാണ്ടം സയന്‍സ് വിദ്യാര്‍ത്ഥികളെയും പൊതു ജനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടന നടത്തുന്ന ക്വാണ്ടം ശതാബ്ദി വര്‍ഷാഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ക്വാണ്ടം പൂച്ചയുടെ കേരള പര്യടനം പരിപാടിയിലെ മുഖ്യ ഇനമായ ക്വാണ്ടം സെഞ്ച്വറി എക്‌സിബിഷന്‍ നാലു മുതല്‍ 9 വരെ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സയന്‍സ് പോര്‍ട്ടലായ ലൂക്കയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുമാണ് പ്രദര്‍ശനം ഒരുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനകം എറണാകുളം, കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലായി 30000 പേര്‍ ഈ പ്രദര്‍ശനം കണ്ടുകഴിഞ്ഞു. നാലുമാസം കൊണ്ട് 11 ജില്ലകള്‍ സന്ദര്‍ശിക്കുന്ന എക്‌സിബിഷന്‍ ലോകത്തെ നൂറുല്‍പരം രാജ്യങ്ങളില്‍ നടക്കുന്ന ക്വാണ്ടം ശതാബ്ദി ആഘോഷങ്ങളില്‍ കാലദൈര്‍ഘ്യവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ പരിപാടിയാണെന്ന് യുനെസ്‌കോ തന്നെ അംഗീകരിച്ചു കഴിഞ്ഞു. കേരളത്തിലെ ശതാബ്ദി ആഘോഷത്തെ പ്രശംസിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം ഇതിനകം പരിഷത്ത് ഭാരവാഹികള്‍ക്ക് ലഭിച്ചു.
സൂക്ഷ്മ ലോകത്തെക്കുറിച്ച് ആഴത്തില്‍ അറിയാനും അതുവഴി പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാനും വഴി തുറന്നത് ക്വാണ്ടം സയന്‍സ് ആണ്. ലോകത്തെ പരിഷ്‌കരിച്ച ട്രാന്‍സിസ്റ്ററും ലേസറും മുതല്‍ ക്വാണ്ടം കമ്പ്യൂട്ടര്‍ വരെയുള്ള ധാരാളം സാങ്കേതികവിദ്യകള്‍ക്ക് പിന്നിലും ക്വാണ്ടം സയന്‍സ് ആണ് ഉള്ളത്.
ഹൈസ്‌കൂള്‍ തൊട്ട് പഠിക്കുന്ന പിരിയോഡിക് ടേബിള്‍, ആറ്റംഘടന, ഓര്‍ബിറ്ററി തീയറി, സബ് ആറ്റോമിക് പാര്‍ട്ടിക്കിളുകള്‍, സെമി കണ്ടക്ടറുകള്‍ തുടങ്ങിയവയും ഫ്‌ലൂറസന്‍സ്, സൂപ്പര്‍ ഫ്‌ലൂ ലൂയിഡറി, സൂപ്പര്‍ കണ്ടക്ടിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളും എല്ലാം എക്‌സിബിറ്റുകളും മോഡലുകളുമായി കാണികളുടെ മുന്നിലെത്തും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ മനസ്സിലാകും വിധം ലളിതമായാണ് എല്ലാ കാഴ്ചകളും അവതരിപ്പിക്കുന്നത്. പരീക്ഷണശാലയിലേക്ക് ഒരു വെര്‍ച്വല്‍ റിയാലിറ്റി യാത്ര, ക്വാണ്ടം കമ്പ്യൂട്ടറിനെ പരിചയപ്പെടാം, ക്വാണ്ടം ബയോളജി, ഫോറന്‍സിക് സയന്‍സ്, നാനോ ടെക്‌നോളജി തുടങ്ങി 28 വിഷയ മേഖലകളിലുള്ള എക്‌സിബിറ്റുകള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. പിരിയോഡിക് ടേബിളിലെ ഒട്ടുമിക്ക മൂലകങ്ങളെയും സി വി രാമന്‍ കണ്ടെത്തിയ രാമന്‍ പ്രഭാവവും ഉള്‍പ്പെടെ കാണാത്ത പലതും നേരില്‍ കാണാം. ഹോളോഗ്രാം, സിമുലേഷനുകള്‍, വെര്‍ച്വല്‍ റിയാലിറ്റി, ലേസര്‍ ഫെറിക്കല്‍ പ്രൊജക്ഷന്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ എല്ലാം ഉപയോഗപ്പെടുത്തിയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പരീക്ഷണങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, മാതൃകകള്‍, പാനലുകള്‍ മത്സരങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞര പരിചയപ്പെടുന്ന ആര്‍ട്ടിസ്റ്റ് ശ്രീജ പള്ളത്തിന്റെ ശില്‍പങ്ങള്‍, ക്വാണ്ടം സയന്‍സിലെ ഇന്ത്യന്‍ സംഭാവനകള്‍ പരിചയപ്പെടുത്തുന്ന യദുനാഥ് ആര്‍. ന്റെ പ്രത്യേക പെയിന്റിങ് പരമ്പര, ജസ്റ്റിന്‍ ജോസഫ് ഒരുക്കുന്ന ഐന്‍സ്‌റ്റൈനും മാഡം ക്യൂറിയും തുടങ്ങിയ കലാസൃഷ്ടികളും കാണാം.
ക്വാണ്ടം സയന്‍സിലെ വിഖ്യാത ശാസ്ത്രജ്ഞനായ ഷ്രോഡിംഗറുടെ ചിന്താ പരീക്ഷണത്തിലെ പൂച്ചയാണ് പ്രദര്‍ശനത്തിലെ താരം. പരിശീലനം നേടിയ എഴുപതോളം സയന്‍സ് കമ്മ്യൂണിക്കേറ്റര്‍മാരുടെ നേതൃത്വത്തിലാണ് പ്രദര്‍ശന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. പ്രദര്‍ശനത്തോടൊപ്പം
ശാസ്ത്ര പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും ഉണ്ടായിരിക്കും. നൂറ്റി ഇരുപതിലേറെ സ്ഥാപനങ്ങളില്‍ നിന്ന് ആറായിരത്തോളം വിദ്യാര്‍ത്ഥികള്‍ എക്‌സിബിഷന്‍ കാണുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഓരോ സ്‌കൂളില്‍ നിന്നും 100 മുതല്‍ 500 വരെ വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാനെത്തും. പൊതുജനങ്ങള്‍ക്ക് എല്ലാ ദിവസവും പ്രദര്‍ശനം കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രദര്‍ശന നഗരിയില്‍ എത്തുന്ന കുട്ടികളെയും പൊതുജനങ്ങളെയും വിസ്മയിപ്പിച്ചുകൊണ്ട് ദിനേശ് കുമാര്‍ തെക്കുമ്പാട് അവതരിപ്പിക്കുന്ന ശാസ്ത്ര പരീക്ഷണങ്ങളുടെ വിസ്മയ കാഴ്ചകള്‍ ഉണ്ടായിരിക്കും. കോളേജിലെ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സുവോളജി, ബോട്ടണി, കോമേഴ്‌സ്, മലയാളം, ഹിസ്റ്ററി എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളും സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജനുവരി നാലിന് ഉച്ചയ്ക്ക് രണ്ടു മണിക്ക്
ജ്യോതിശാസ്ത്ര വിദഗ്ധന്‍ പ്രൊഫസര്‍ കെ. പാപ്പൂട്ടി നിര്‍വഹിക്കും. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷനാകും എം. രാജഗോപാലന്‍ എം.എല്‍.എ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, കൗണ്‍സിലര്‍ പി.വി.മണി എന്നിവര്‍ മുഖ്യാതിഥികളാകും. ജനറല്‍ കണ്‍വീനര്‍ ഡോ. റീജ ടി.വി., പരിഷത്ത് ജില്ലാ സെക്രട്ടറി പി പി രാജന്‍,. കോളേജ് ചെയര്‍മാന്‍ കെ രാമനാഥന്‍, കൊച്ചി സര്‍വ്വകലാശാല ഫിസിക്‌സ് വിഭാഗം തലവന്‍ ഡോക്ടര്‍ ആല്‍ഡ്രിന്‍ ആന്റണി, നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി. ദിനേശ് സംബന്ധിക്കും. സമാപന സമ്മേളനം 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രാഹം ഉദ്ഘാടനം ചെയ്യും.
ഡോ. റീജ പി.വി., ജില്ലാ പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍, സെക്രട്ടറി പി.പി. രാജന്‍, ദിനേശ് കുമാര്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ കൊടക്കാട് നാരായണന്‍, ചെയര്‍മാന്‍ ടി.കെ. നാരായണന്‍, പി കുഞ്ഞിക്കണ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.







