സംസ്ഥാന ഭരണം പിടിക്കാന്‍ തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്; ഉദുമ പിടിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിയെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും

കാസര്‍കോട്: രണ്ടാംവട്ടവും കൈവിട്ടു പോയ സംസ്ഥാന ഭരണം ഇത്തവണയെങ്കിലും തിരിച്ചു പിടിക്കുന്നതിന് കോണ്‍ഗ്രസും യു ഡി എഫും ആവനാഴിയിലെ അവസാനത്തെ അസ്ത്രവും തൊടുക്കുന്നു. ഇത്തവണ ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുന്നണി തന്നെ തകര്‍ന്നേക്കുമെന്ന ആശങ്കയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കൈയുമാണ് യു ഡി എഫിന്റെ വാശിക്ക് ശക്തി പകരുന്ന പ്രധാന ഘടകങ്ങള്‍.
സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം, കാസര്‍കോട് നിയമസഭാ മണ്ഡലങ്ങള്‍ ഇത്തവണയും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫും മുസ്ലീംലീഗും. ജില്ലയിലെ അവശേഷിക്കുന്ന മറ്റു മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ ഉദുമയിലും തൃക്കരിപ്പൂരിലും ശക്തമായ മത്സരം കാഴ്ച്ചവച്ചാല്‍ പിടിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. ഉദുമ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് കൂടുതല്‍ സാധ്യത പ്രതീക്ഷിക്കുന്നത്. ഇവിടെ ഇത്തവണ ബി പി പ്രദീപ് കുമാര്‍, ഹക്കീംകുന്നില്‍ എന്നിവരുടെ പേരുകളാണ് നേരത്തെ സ്ഥാനാര്‍ത്ഥികളായി പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ നിലവിലെ എം എല്‍ എ ആയ സി എച്ച് കുഞ്ഞമ്പു തന്നെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായാല്‍ വിജയസാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ഇത്തരമൊരു സാഹചര്യമാണ് നിലവില്‍ കാസര്‍കോട് എം പിയായ രാജ്മോഹന്‍ ഉണ്ണിത്താനെ കളത്തിലിറക്കി മണ്ഡലം പിടിക്കാനുള്ള നീക്കം നേതൃത്വം ശക്തമായി പരിഗണിക്കുന്നതെന്നാണ് സൂചന. ഉദുമയില്‍ നിന്നു ജയിക്കുകയും സംസ്ഥാന ഭരണം ലഭിക്കുകയും ചെയ്താല്‍ രാജ്മോഹന്‍ ഉണ്ണിത്താനെ മന്ത്രിയാക്കുകയാണ് ലക്ഷ്യം. ഈ കണക്കു കൂട്ടല്‍ വിജയിച്ചാല്‍ കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നു. കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും പ്രമുഖരെ കളത്തിലിറക്കാനും നീക്കം ആരംഭിച്ചിട്ടുണ്ടെന്ന് സംസാരമുണ്ട്. മുസ്ലീംലീഗ് കാസര്‍കോട്ട് പ്രമുഖരായ ജില്ലാ ഭാരവാഹികളില്‍ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും സൂചനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ യു ഡി എഫില്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page