ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. മേല്‍ക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ തീരുമാനം. കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അതുകൊണ്ടുതന്നെ കേസില്‍ പത്മകുമാറിന് നിര്‍ണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കേസില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും ആ സമയത്ത് ശബരിമലയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെല്ലാം കേസില്‍ പ്രതികളാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പത്മകുമാറിന് ജാമ്യം നിഷേധിച്ചത്.

2019-ല്‍ ദ്വാരപാലക ശില്‍പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്തെന്ന കേസിലാണ് പത്മകുമാറിനെ എസ്.ഐ.ടി ആദ്യം പ്രതിചേര്‍ത്തത്. പിന്നാലെ, ദ്വാരപാലക ശില്‍പപാളികള്‍ കടത്തിയ കേസിലും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. മുരാരി ബാബു മുതല്‍ എന്‍ വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിരുന്നു. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളത്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്‌ഐടി വിശദമായി അന്വേഷിച്ചിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ സഹായവും ചെയ്തു നല്‍കിയത് പത്മകുമാറാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്‌ഐടിക്ക് വിവരം ലഭിച്ചിരുന്നു. 42 വര്‍ഷമായി സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ എം.എല്‍.എയുമാണ് പത്മകുമാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page