കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പാസ്പോര്‍ട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് കോടതിയെ സമീപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിലീപ് ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയത്.
എന്നാല്‍, ദിലീപിന് പാസ്പോര്‍ട്ട് വിട്ടുനല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ ഒരുങ്ങുന്നതിനാല്‍ പാസ്പോര്‍ട്ട് വിട്ടുനല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ ആവശ്യം കോടതി പരിഗണിക്കാനിരിക്കുകയാണ്.
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് ജാമ്യം ലഭിക്കുന്നതിന്റെ ഭാഗമായാണ് പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടി വന്നത്. നിലവില്‍ ഇത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കുള്ള ശിക്ഷ കോടതി ഉടന്‍ പ്രഖ്യാപിക്കും.







