നടിയെ ആക്രമിച്ച കേസിലെ വിധി ചോര്‍ന്നു? അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍, ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ആരോപിച്ചു. ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഊമക്കത്തിന്റെ പകര്‍പ്പ് അടക്കം കത്തിനൊപ്പം നല്‍കിയിട്ടുണ്ട്. കേസില്‍ ദിലീപിനെ വെറുതെവിടുമെന്ന സന്ദേശം ഡിസംബര്‍ രണ്ടിന് തനിക്ക് ലഭിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഡിസംബര്‍ എട്ടിനാണ് നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ചത്. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസ് സുഹൃത്തായ ഷേര്‍ളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ദിലീപിന്റെ സുഹൃത്തും പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നും ഊമക്കത്തില്‍ പരാമര്‍ശിക്കുന്നതായി പരാതിയില്‍ പറയുന്നു. ഊമക്കത്ത് വിധിയുടെ രഹസ്യാത്മകത തകര്‍ക്കുന്നതാണെന്നും ജുഡീഷ്യറിയുടെ സല്‍പ്പേരും അഖണ്ഡതയും തകര്‍ക്കുന്നതാണെന്നും യശ്വന്ത് ഷേണായി ചൂണ്ടിക്കാട്ടി. സംഭവം വിജിലന്‍സ് രജിസ്ട്രാറോ മറ്റൊരു ഏജന്‍സിയോ അന്വേഷിക്കണമെന്നും പരാതിയിലൂടെ യശ്വന്ത് ഷേണായി ആവശ്യപ്പെടുന്നു. കേസിലെ ആറ് പ്രതിക്കെതിരെയാണ് ശിക്ഷ വിധിക്കാന്‍ പോകുന്നതെന്ന് ഊമക്കത്തില്‍ പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page