കുമ്പള :തിരഞ്ഞെടുപ്പ് ആവേശം അലയടിച്ച കലാശക്കൊട്ടിനിടയിൽ ആൾക്കൂട്ടത്തിനിടയിലൂടെ കാവിയുടുത്ത് തലയിൽ പാളത്തൊപ്പിയും നോട്ടീസുകളുമായി നടന്ന ആൾ കാണികൾക്കു കൗതുകം പകർന്നു. ഒറ്റനോട്ടത്തിൽ പലർക്കും ആളെ മനസ്സിലായില്ല. എന്നാൽ അതിനിടയിൽ സൂക്ഷിച്ചു നോക്കി നിന്നവർക്ക് ആ ആൾ നോട്ടീസ് കൊടുത്തതോടെ വോട്ടർമാർ ആളെ ഏതാണ്ട് തിരിച്ചറിഞ്ഞു. അവരിൽ ചിലർ അത്ഭുതപ്പെടുകയും ചെയ്തു. അയ്യോ , ഇത് നമ്മുടെ 24ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി കേശവ നായിക്കല്ലേ എന്ന് വോട്ടർമാരിൽ ചിലർ അത്ഭുതം പ്രകടിപ്പിച്ചു. മറ്റു ചിലർ മൂക്കത്തുവിരൽ വച്ചു. ഇതിനിടയിൽ ചുറ്റും കൂടിയവർക്ക് കേശവനായിക് തൻ്റെ വോട്ടഭ്യർത്ഥന നോട്ടീസ് കൊടുത്തു. വോട്ടും ചോദിച്ചു. യു.ഡി.എഫിൻ്റെയും ബിജെപിയുടേയും കലാശക്കൊട്ടിന് എത്തിച്ചേർന്ന പ്രവർത്തകർക്കെല്ലാം സ്വതന്ത്ര സ്ഥാനാർത്ഥി അഭ്യർത്ഥന നോട്ടീസ് കൈമാറുകയും ചെയ്തു .കൊട്ടിക്കലാശത്തിനിടയിൽ വലിയ ചെലവില്ലാതെ കൂടുതൽ സമ്മതിദായകരെ കാണാനും വോട്ട് അഭ്യർത്ഥിക്കാനും കഴിഞ്ഞതിൽ കേശവ നായിക്ക് സന്തോഷിച്ചു. അതിന് അവസരം ഒരുക്കി നൽകിയ പാർട്ടികൾക്കു മനസ്സു കൊണ്ടു നന്ദി പകർന്നു.പക്ഷേ, കൊട്ടിക്കലാശയത്തിന് യു ഡി എഫ്, ബിജെപി പ്രവർത്തകർ കരുതിവെച്ചിരുന്ന ആവേശ തിര തളളൽ പോലീസ് നിയന്ത്രണം മൂലം പുറത്തെടുക്കാൻ പ്രവർത്തകർക്കു കഴിഞ്ഞില്ല. ആഹ്ലാദപ്രകടനം നടത്താനൊരുങ്ങി എത്തിയവരോടു കുമ്പളയിലെ സർക്കിൾ കോർണറുകളിൽ ഒത്തു കൂടി നിന്നുകൊണ്ട് കാണിക്കാവുന്ന ആഹ്ലാദപ്രകടനം മതിയെന്നായിരുന്നു അവസാന നിമിഷത്തെ പോലീസിൻറെ നിർദ്ദേശം. അതനുസരിച്ച് ഒരു മൂലയ്ക്ക് യുഡിഎഫ് പ്രവർത്തകർ കൂടി നിന്നു .മറ്റൊരു മൂലയിൽ ബിജെപി പ്രവർത്തകർ ജീപ്പ് വച്ചു അതിലൂടെ ശ്രുതിമധുരമായ പാട്ടു പകർന്നു. സിപിഎം കലാശക്കൊട്ട് വേണ്ടെന്നുവച്ചു. യു.ഡി.എഫ് കൂട്ടായ്മയിൽ മണ്ഡലം സെക്രട്ടറിയും സ്ഥാനാർത്ഥിയുമായ എ.കെ. ആരിഫ് സി പി എമ്മിന്റെയും എസ് ഡി പി ഐ യുടെയും പഞ്ചായത്തിനെതിരായ അഴിമതി ആരോപണത്തെ കണക്കിന് കശക്കിവിട്ടു.








