ബസ് യാത്രയ്ക്കിടയില്‍ യുവതിയുടെ ബാഗില്‍ നിന്നു അരലക്ഷം രൂപ കവര്‍ന്നു; സംഭവം ബന്തിയോടിനും കുമ്പളയ്ക്കും ഇടയില്‍, പോക്കറ്റടിക്കാര്‍ പര്‍ദ്ദധരിച്ച് ഇറങ്ങിയിട്ടുണ്ടെന്ന് പൊലീസിന്റെ മുന്നറിയിപ്പ്, ജാഗ്രതയ്ക്കു നിര്‍ദ്ദേശം

കാസര്‍കോട്: കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്നു അരലക്ഷം രൂപ കവര്‍ന്നതായി പരാതി. ബന്തിയോട്, അടുക്ക, ഒളാക്ക് റോഡിലെ നൗഷീദയുടെ ബാഗില്‍ നിന്നാണ് പണം നഷ്ടമായത്. വെള്ളിയാഴ്ച വൈകുന്നേരം നാലേകാല്‍ മണിയോടെയാണ് സംഭവം. ബന്തിയോട് നിന്നു കുമ്പളയിലേയ്ക്ക് കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്നു നൗഷീദ. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. കുമ്പളയില്‍ എത്തി ബസ് ഇറങ്ങുമ്പോള്‍ വാനിറ്റി ബാഗ് പിന്നിലേയ്ക്ക് വലിക്കുന്നതായി അനുഭവപ്പെട്ടിരുന്നതായി നൗഷീദ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. എന്നാല്‍ തിരക്കിനിടയില്‍ ബാഗ് കുടുങ്ങിയിരിക്കുമെന്നു കരിതിയതിനാല്‍ വലിയ കാര്യമാക്കിയിരുന്നില്ല. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ബാഗില്‍ നിന്നു പണം നഷ്ടപ്പെട്ടതായുള്ള കാര്യം അറിഞ്ഞത്. ഉടന്‍ കുമ്പള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദന്‍ പറഞ്ഞു. അന്യസംസ്ഥാനക്കാരായ ചില പോക്കറ്റടിക്കാര്‍ എത്തിയിട്ടുണ്ടെന്നും പര്‍ദ്ദ ധരിച്ചാണ് സംഘം പോക്കറ്റടിക്ക് എത്തുന്നതെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page