നീലേശ്വരം: പടന്നക്കാട്ടെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രാവുകള്‍ കയറാതിരിക്കാന്‍ സ്ഥാപിച്ച വലയില്‍ കുടുങ്ങിയ വെള്ളിമൂങ്ങയെ അധികൃതര്‍ സാഹസികമായി രക്ഷപ്പെടുത്തി. ആശുപത്രിയിലെ ജീവനക്കാരന്‍ രതീഷ്, തെറാപ്പിസ്റ്റ് റോജിത് കെ.വി എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് മൂങ്ങയ്ക്ക് പുതുജീവന്‍ ലഭിച്ചത്. വലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ടു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ കിടക്കുകയായിരുന്നു. ആശുപത്രി കെട്ടിടത്തിന് മുകളിലെ വലയില്‍ എന്തോ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഇരുവരും എത്തിനോക്കിയപ്പോഴാണ് അവശനിലയിലായ വെള്ളിമൂങ്ങയെ കണ്ടത്. തുടര്‍ന്ന് ഏറെ ശ്രമിച്ച് സുരക്ഷിതമായി വലയില്‍ നിന്ന് പുറത്തെത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം വനംവകുപ്പിനെ വിവരം അറിയിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ബിന്ദുവിന്റെ സാന്നിധ്യത്തില്‍ വെള്ളിമൂങ്ങയെ വനംവകുപ്പ് റെസ്‌ക്യൂവര്‍ സുനില്‍ സുരേന്ദ്രന് കൈമാറി. ആവശ്യമായ ചികിത്സയ്ക്കും പരിചരണത്തിനും ശേഷം മുങ്ങയെ ഉള്‍വനത്തിലേക്ക് തുറന്നുവിടുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.







