കാസര്‍കോട്: ഇരുന്നൂറു രൂപ വായ്പ ചോദിച്ചത് കൊടുക്കാത്ത വിരോധത്തിന് യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തി കൊല്ലാന്‍ ശ്രമം. കുഡ്‌ലു ആര്‍.ഡി. നഗറിലെ അബുതാഹിര്‍ മന്‍സിലിലെ അമീര്‍ അബ്ബാസ് അലി (24) ക്കാണ് കുത്തേറ്റത്. പരാതിയില്‍ കാസര്‍കോട് സ്വദേശി ഹനീഫക്കെതിരെ ടൗണ്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലായിരുന്നു സംഭവം. സെക്കന്റ് ക്രോസ് റോഡില്‍ നടന്നു പോകുകയായിരുന്ന പരാതിക്കാരനെ പണം കടം കൊടുക്കാത്ത വിരോധത്തില്‍ പ്രതി തടഞ്ഞു നിര്‍ത്തി ബിയര്‍ കുപ്പി കൊണ്ട് കഴുത്തിന് കുത്തി കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ആഴത്തിലുള്ള മുറിവാണെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.







