പുത്തൂര്‍: കന്നുകാലികളെ മോഷ്ടിച്ചു കടത്തുകയായിരുന്ന ഇന്നോവ നടുറോഡില്‍ നിശ്ചലമായതോടെ പശുമോഷ്ടാക്കളായ രണ്ടു പേര്‍ പൊലീസ് പിടിയിലായി. ഉള്ളാള്‍, സജിപ്പനാടുവിലെ ആഷിഖ് പാഷ (26), അബ്ദുല്‍ ലത്തീഫ് (24) എന്നിവരെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
പാണാജെ, നരിമുഗറിലാണ് സംഭവം. നടുറോഡില്‍ ഇന്നോവ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ട സ്ഥലവാസിയായ പ്രേമരാജ് എന്നയാള്‍ പുത്തൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കാര്‍ തുറന്നു പരിശോധിച്ചപ്പോള്‍ ഒരു പശുവിനെയും നാലു കിടാങ്ങളെയും ഇന്നോവയ്ക്ക് അകത്ത് കണ്ടെത്തി. കന്നുകാലികളെ മോഷ്ടിച്ച് കടത്തുന്നതിനിടയില്‍ തകരാറിലായതിനെ തുടര്‍ന്നാണ് കാര്‍ നടുറോഡില്‍ നിര്‍ത്തിയിട്ടതെന്ന് പൊലീസിനു വ്യക്തമായി. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് ആഷിഖ് പാഷയും കൂട്ടാളിയും പൊലീസിന്റെ പിടിയിലായത്.







