ഉഡുപ്പി: വീട്ടിലെ അലമാരയില്‍ നിന്നും മോഷ്ടിച്ച 65.79 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പ്രതി പൊലീസ് പിടിയില്‍. കുക്കെഹള്ളി ഗ്രാമത്തിലെ കുക്കിക്കാട്ടെ നിവാസിയായ സുകേഷ് നായിക് (37) ആണ് അറസ്റ്റിലായത്. ഉഡുപ്പി സിറ്റി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 65,79,720 വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഈ സ്വര്‍ണം ഉഡുപ്പി വൊളകാട് 76 ബഡഗുബെട്ടു ഗ്രാമത്തിലെ ശ്രീ ശാരദാംബ ക്ഷേത്രത്തിന്റെ ഗോപുരത്തിനടുത്തുള്ള റോസ് വില്ലയില്‍ താമസിക്കുന്ന ഷീല വില്‍ഹെം മീന(53) എന്ന യുവതിയുടേതാണെന്ന് പൊലീസ് അറിയിച്ചു. നവംബര്‍ 30 ന് മോഷണം സംബന്ധിച്ച് മീന ഉഡുപ്പി സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി അറസ്റ്റിലാകുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 8:30 മണിയോടെ, പള്ളിയില്‍ പോകുന്നതിനുമുമ്പ്, ആഭരണങ്ങള്‍ ധരിക്കാന്‍ കിടപ്പുമുറിയിലെ അലമാര തുറന്നപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയതായി മീന അറിയുന്നത്. ഏകദേശം 548.31 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണും ആണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് പരാതിയുമായി ഉഡുപ്പി ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു.
ഉഡുപ്പി സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി ഡി.ടി. പ്രഭുവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഉഡുപ്പി ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ (ഇന്‍-ചാര്‍ജ്) മഹേഷ് പ്രസാദ് പി.യുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പി.എസ്.ഐ ഭരതേഷ് കങ്കണവാടിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രസന്ന സി, ജീവന്‍ കുമാര്‍, സന്തോഷ് ഷെട്ടി, ബഷീര്‍, സുരേന്ദ്ര ഡി, ആനന്ദ് എസ്, സന്തോഷ് റാത്തോഡ്, സന്തോഷ് ഗുല്‍വാഡി എന്നിവരും ഉണ്ടായിരുന്നു.
തിങ്കളാഴ്ച, കിന്നിമുള്‍ക്കിയിലെ ഹിരേന്‍ ബാറിനടുത്ത് നിന്ന് പ്രതിയായ സുകേഷ് നായിക്കിനെ പ്രത്യേക സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അജ്ജാര്‍കാഡുവിലെ ഒരു വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളും ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
65.79 ലക്ഷം വിലമതിക്കുന്ന 548.31 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. പ്രതിക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ ആരംഭിച്ചു. സുകേഷ് നായിക് ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉഡുപ്പി ജില്ലയിലുടനീളം 11 ഭവന മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഉഡുപ്പി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ അഞ്ച് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്, അതില്‍ നാലെണ്ണത്തില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടു. ഹിരിയഡ്ക പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ഒന്നില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടു. ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും മണിപ്പാല്‍ പൊലീസ് സ്റ്റേഷനില്‍ ഒരു കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.







