സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. തിങ്കളാഴ്ച പൂലര്‍ച്ചെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.അദ്വൈതിൻ്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. അര മണിക്കൂറോളം വൈകിയാണ് അധികൃതർ ആംബുലന്‍സ് വിളിച്ചതെന്നാണ് വിദ്യാർത്ഥികൾ ആക്ഷേപം ഉന്നയിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അധികൃതർ തയ്യാറായില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നു. ഒടുവിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് ആംബുലൻസ് എത്തിയത്. അദ്വൈതിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിൽ വാർഡൻ അലംഭാവം കാണിച്ചെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വിദ്യാർത്ഥിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. അതേസമയം വിദ്യാർത്ഥിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് എൻഐടി അധികൃതരുടെ വാദം. പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.







