ജയ്പൂർ : വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ആല്‍വാർ സ്വദേശി ആദിത്യ വര്‍മയാണ് മരിച്ചത്. മൈസൂരുവിലെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനില്‍ ജോയിന്റ് ഡയറക്ടറാണ്. കഴിഞ്ഞ നവംബര്‍ 25 നായിരുന്നു ആദിത്യ വര്‍മയുടെ വിവാഹം. 27 ന് വീട്ടിലെ ശുചിമുറിയിലാണ് ആദിത്യ വര്‍മയെ വീണ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രണ്ടുമാസം മുന്‍പാണ് ഡിആര്‍ഡിഒയുടെ ഫുഡ് റിസര്‍ച്ച് ലബോറട്ടറിയില്‍ ആദിത്യ ജോലിക്ക് കയറിയത്. പുലര്‍ച്ചെ അഞ്ചരയോടെ ശുചിമുറിയിലേക്ക് പോയ ആദിത്യ ആറുമണിയായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചത്. ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു ആദിത്യ. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്ന ശുചിമുറിയുടെ വാതില്‍ വീട്ടുകാര്‍ പൊളിച്ചാണ് അകത്ത് കയറിയത്. ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ മാസം സമാന സാഹചര്യത്തില്‍ ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ആറുമാസത്തിന് ശേഷമായിരുന്നു മരണം. പെട്ടന്ന് കുഴഞ്ഞു വീണാണ് ആകാശ്ദീപ് ശുപ്ത മരിച്ചത്.







