പോര്‍ബന്തര്‍: ഗുജറാത്തില്‍ പുലിയുടെ ആക്രമണത്തില്‍ ഒരു വയസുകാരി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനം വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. അര്‍ജുന്‍ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ പാചകം ചെയ്തുകൊണ്ടിരുന്ന മാതാവിന്റെ അരികില്‍ ഇരിക്കുകയായിരുന്നു കുട്ടി. പെട്ടെന്നെത്തിയ പുള്ളിപ്പുലി വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. മാതാവ് ബഹളം വച്ച് പുലിയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും, സാധിച്ചില്ല. അമ്രേലി വന്യജീവി സങ്കേതത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയാണ് പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനവകുപ്പും പൊലീസും സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പുള്ളിപ്പുലിയെ കുടുക്കാന്‍ ദല്‍ഖാനിയ റേഞ്ച് പ്രദേശത്ത് ഏഴ് കൂടുകള്‍ വിന്യസിച്ചിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിയായ അര്‍ജുന്‍ നിനാമ ട്രാംബക്പൂര്‍ ഗ്രാമത്തില്‍
പുരുഷോത്തം ഭായ് മോറിയുടെ ഫാമില്‍ കൂലിത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച, ഗിര്‍ സോമനാഥ് ജില്ലയിലെ ഗിര്‍ ഗധാഡ താലൂക്കില്‍ രണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ സിംഹം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. ഒരാഴ്ചക്കിടെ മേഖലയില്‍ വന്യജീവി ആക്രമണത്തില്‍ മൂന്നുപേരുടെ ജീവനാണ് നഷ്ടമായത്.







