ബെംഗളൂരു: നാലാമതും പെൺകുഞ്ഞ് ജനിച്ചതോടെ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ. ബെളഗാവി രാംദുർഗ് മുഡകാവി ഗ്രാമത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ വച്ചാണ് അശ്വിനി ഹനുമന്ത ഹാലകട്ടി എന്ന 30 കാരി പെൺകുഞ്ഞിനെ പ്രസവിച്ചത്. ആദ്യ 3 പ്രസവത്തിൽ പെൺകുഞ്ഞുങ്ങളായിരുന്നു. നാലാമത്തേത് ആൺകുട്ടി വേണമെന്നാണ് ആഗ്രഹമെന്ന് അശ്വിനി ബന്ധുക്കളോടു പറഞ്ഞിരുന്നു. ആൺകുട്ടിക്കായി ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും നടത്തിയിരുന്നു. എന്നാൽ നാലാമതും ജനിച്ചത് പെൺകുഞ്ഞായിരുന്നു. പ്രസവ ശേഷം ഹിരേമുളഗിയിലെ സ്വന്തം വീട്ടിലെത്തിയ യുവതി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അശ്വിനിയെ രാംദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.







