പോത്തായിപ്പോയതു കൊണ്ട് ഹൈവെയിലൂടെ പോയാലെന്താ; പോകാമല്ലോ, നടപ്പാതയിലൂടെ പോയാലും…

കാസര്‍കോട്: കോടികള്‍ ചെലവിട്ടുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഹൈവെയിലൂടെ പോത്തിന്‍ കൂട്ടത്തിനെന്തേ, പൊയ്ക്കൂടെന്നുണ്ടോ?
ഭൂമിയിലെ സകല ജീവികള്‍ക്കും യാത്ര ചെയ്യാമല്ലോ. പക്ഷെ, ഹൈവെയിലെ സൈഡ് ചേര്‍ന്നു പോകുന്നെന്നുറപ്പാക്കാനുള്ള ഗതികേടുകൂടി അഗ്നിശമന സേനക്കും ഹൈവെ സംരക്ഷണ വിഭാഗത്തിനും വന്നു ഭവിച്ചു.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് എവിടെ നിന്നോ എത്തിയ പോത്തിന്‍കൂട്ടം ഹൈവെയില്‍ കയറുകയായിരുന്നു. ഹൈവെയില്‍ നടക്കാനുള്ള പൂതി കൊണ്ടു മാത്രമല്ല, കാസര്‍കോട് ടൗണില്‍ ഒന്നൊന്നര കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളൈ ഓവര്‍ മുഴുവന്‍ നടന്നു ചുറ്റുപാടും വീക്ഷിച്ച പോത്തിന്‍കൂട്ടം അതു കഴിഞ്ഞ് സര്‍വ്വീസ് റോഡിലിറങ്ങിപ്പോവുകയും ചെയ്തു. അതുവരെ ഫയര്‍ഫോഴ്‌സ് മേല്‍പ്പാലത്തിന്റെ വാഹനം യാത്ര ചെയ്യേണ്ട ട്രാക്കുകളില്‍ പോത്തുകള്‍ കടക്കാതിരിക്കുന്ന തരത്തില്‍ അവക്ക് പിന്നാലെ നടന്നു. അവര്‍ക്കു സംരക്ഷണത്തിനായി ഹൈവേ അതോറിറ്റിയുടെയും കരാറുകാരുടെയും വാഹനങ്ങള്‍ സഞ്ചരിച്ചു.
പോത്തിന്‍കൂട്ടം എവിടെ നിന്നെത്തിയതാണെന്ന് ആര്‍ക്കും അറിയില്ല. അതു കാസര്‍കോട്ടെ ഒരു പ്രത്യേകരതയാണ്. ഒന്നും ആര്‍ക്കും അറിയില്ല. അതേ സമയം വളര്‍ത്തു മൃഗങ്ങളെ എങ്ങനെ വളര്‍ത്തണമെന്ന് മൃഗങ്ങളുള്ളവര്‍ക്കെല്ലാം അറിയുകയും ചെയ്യാം. രാവിലെ കയറൂരി അടിച്ചു റോഡിലിറക്കും. പിന്നെ റോഡായി, ഹൈവെയായി, റോഡു സൈഡിലെ കൃഷിവിളകളായി. കന്നുകാലികളും ആടുകളും നായ്ക്കളുമൊക്കെ അലഞ്ഞു നടക്കും.
ഇവയില്‍ ചിലതിനെയൊക്കെ ആവശ്യക്കാര്‍ മോഷ്ടിച്ചു കൊണ്ടു പോകും. അല്ലാത്തവയെ അറവുശാലക്കാര്‍ക്കു വില്‍ക്കും. അപ്പോഴും നഗരം സുന്ദരവും സുരക്ഷിതവുമാക്കുന്നതിനെ കുറിച്ചു എല്ലാവരും ഒരേ സ്വരത്തിലും ഒരേ താളത്തിലും ആലാപനം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുമെന്നു കാണികളില്‍ ചിലര്‍ പറയുന്നുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page