കുമ്പള: തിരഞ്ഞെടുപ്പ് ആരവങ്ങള്‍ ചൂടുപിടിച്ചുകൊണ്ടിരിക്കെ മൊഗ്രാല്‍ മടിമുഗര്‍ പുഴയിലെ പൂഴിയൂറ്റല്‍ തോണി പൊലീസ് ഇന്നലെ പിടിച്ചു കരയിലെത്തിച്ച ശേഷം ജെ സി ബി കൊണ്ട് ഇടിച്ചു തകര്‍ത്തു.
നാടു തിരഞ്ഞെടുപ്പു ചൂടിലേക്കു മാറിയ തക്കം നോക്കി പൂഴിയൂറ്റല്‍ തകൃതിയില്‍ ആരംഭിച്ചിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്നു കുമ്പള ഇന്‍സ്‌പെക്ടര്‍ മുകുന്ദന്‍, എസ് ഐ പ്രദീപ് കുമാര്‍, പ്രബേഷന്‍ എസ് ഐ അനന്തകൃഷ്ണന്‍, എ എസ് ഐ സലാം എന്നിവര്‍ പുഴക്കരയിലെത്തിയതോടെ മണലൂറ്റല്‍ സംഘം തോണിയില്‍ നിന്നു ചാടി രക്ഷപ്പെടുകയായിരുന്നുവത്രെ. തുടര്‍ന്നു പുഴയിലിറങ്ങിയ പൊലീസ് തോണിയും പൂഴിയും കരക്കെത്തിച്ച ശേഷം ജെ സി ബി കൊണ്ടുവന്നു തോണി ഇടിച്ചു പൊടിച്ചു.
മണല്‍ക്കൊള്ള ഒരു കാരണവശാലും അനുവദിക്കില്ലെന്നു ഇന്‍സ്‌പെക്ടര്‍ മുകുന്ദന്‍ പറഞ്ഞു. മണലൂറ്റിയ ആള്‍ക്കെതിരെ പൊതുമുതല്‍ മോഷണത്തിനു കേസെടുക്കും. പുഴയില്‍ നിന്നു വാരുന്ന മണല്‍ നിക്ഷേപിക്കാന്‍ സ്ഥലം കൊടുക്കുന്ന ആള്‍ക്കും മണല്‍ കൊണ്ടുപോവുന്നതിനു പറമ്പിലൂടെ വഴി ഒരുക്കിക്കൊടുക്കുന്നവര്‍ക്കുമെതിരെയും മോഷണക്കേസ് രജിസ്റ്റര്‍ ചെയ്യുമെന്നു പൊലീസ് പറഞ്ഞു.






