കാസര്‍കോട്: തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂവേരിയില്‍ നിന്നു കാണാതായ യുവതിയെ ഇതരമതസ്ഥനായ ആണ്‍സുഹൃത്തിനൊപ്പം പിടികൂടി. ചെങ്ങളായി സ്വദേശിയായ ഷഫീറിനൊപ്പമാണ് 42 കാരിയായ ഭര്‍തൃമതിയെ കാസര്‍കോട്് ടൗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പൊലീസ് ഇരുവരെയും കൂട്ടിക്കൊണ്ടുപോയി.
നവംബര്‍ ഏഴിന് രാവിലെ ഇന്റര്‍വ്യൂവിനു പോകുന്നുവെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നു ഇറങ്ങിയത്. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. അതേസമയം ഒളിച്ചോടുന്നതിനു രണ്ടു ദിവസം മുമ്പെ ഭര്‍തൃമതി തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷെഫീഖ് സാമ്പത്തികമായി വഞ്ചിച്ചുവെന്നു കാണിച്ചാണ് പരാതി നല്‍കിയിരുന്നത്. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പരാതിക്കാരിയായ യുവതിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി പോയത് ഷഫീറിനൊപ്പം തന്നെയെന്നു ഉറപ്പിച്ചിരുന്നു. ബന്ധുക്കള്‍ അടക്കമുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് യുവതി വ്യാജ പരാതി നല്‍കിയതെന്നു സംശയിക്കുന്നു. സാമൂഹ്യ മാധ്യമം വഴിയാണ് ഇരുവരും പരിചയത്തിലും അടുപ്പത്തിലുമായത്.






