കാസര്‍കോട്: ഡയാലിസിസ് സൗകര്യം അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ വൃക്കരോഗികള്‍ കരുണതേടി കളക്ട്രേറ്റിലെത്തി.
പ്ലക്കാര്‍ഡുകളുമായെത്തിയ നൂറോളം രോഗികളുടെ പ്രതിനിധികളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ ഡയാലിസിസ് മുടങ്ങുന്ന പ്രശ്‌നമേയില്ലെന്നും ജില്ലയിലെ സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കു വര്‍ഷങ്ങളായി കൊടുക്കാനുള്ള കോടിക്കണക്കിനു രൂപ ഉടന്‍ സര്‍ക്കാര്‍ നല്‍കുമെന്നും ജില്ലാകളക്ടര്‍ ഉറപ്പു നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ തുക നല്‍കുമെന്നും അതുവരെ ഡയാലിസിസ് മുടക്കരുതെന്നും സ്വകാര്യ ഡയാലിസിസ് കേന്ദ്രം നടത്തിപ്പുകാരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഡയാലിസിസിനു വേണ്ട മരുന്നും ഉപകരണങ്ങളും വാങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായിരിക്കുകയാണ് കേന്ദ്രം നടത്തിപ്പുകാരെന്നും ഒരാഴ്ച എങ്ങനെയും പിടിച്ചു നില്‍ക്കാമെന്നും ജില്ലാ കളക്ടറെ അവര്‍ അറിയിച്ചു. അതിനുശേഷവും പണം കിട്ടിയില്ലെങ്കില്‍ ഡയാലിസിസെടുക്കുന്നവരും നടത്തിപ്പുകാരും കളക്ട്രേറ്റില്‍ ഉപവാസം തുടങ്ങുമെന്ന് അക്കൂട്ടര്‍ പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ 1000ത്തില്‍പ്പരം വൃക്കരോഗികള്‍ ജീവന്‍ നിലനിറുത്തുന്നതു ഡയാലിസിലൂടെയാണ്. ഇതില്‍ വളരെക്കുറച്ചു പേര്‍ക്കേ ഗവ. ആശുപത്രികളില്‍ ഡയാസിസ് ചെയ്യുന്നുള്ളൂ. ബാക്കിയുള്ളവര്‍ സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളില്‍ നിന്നാണ് ഡയാലിസിസ് എടുക്കുന്നത്. ഈ ഇനത്തില്‍ കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്ന കാമത്ത് ഡയാലിസിസ് കേന്ദ്രത്തിന് മാത്രം ഒന്നരക്കോടി രൂപ സര്‍ക്കാരില്‍ നിന്നു കിട്ടാനുണ്ടെന്നു നടത്തിപ്പുകാര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് രണ്ടുമാസം മുമ്പ് തങ്ങളുടെ ദുസ്ഥിതി കേന്ദ്രം നടത്തിപ്പുകാര്‍ ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പു സെക്രട്ടറി, കാരുണ്യ അധികൃതര്‍, ജില്ലാ കളക്ടര്‍ എന്നിവരെ അറിയിച്ചു. ഒരു കാരണവശാലും കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് അറിയിച്ചപ്പോഴും പണം ദേ എത്തിയെന്നായിരുന്നു മറുപടിയെന്നു പറയുന്നു. എന്നാല്‍ ഒരു പൈസപോലും കിട്ടാത്തതിനെത്തുടര്‍ന്നു കേന്ദ്രം നിറുത്താന്‍ പോവുകയാണേ എന്നു വീണ്ടും അറിയിച്ചപ്പോള്‍ കുടിശ്ശിക പണത്തിനുള്ള ചെക്ക് എഴുതിവച്ചിട്ടുണ്ടെന്നും ഇനി ഒപ്പിട്ടാല്‍ മതിയെന്നുമായിരുന്നു മറുപടിയെന്നു പറയുന്നു. രണ്ടുമാസമായി ഒപ്പിട്ടിട്ടും അതു തീരാത്തതിലുള്ള അനിശ്ചിതത്വം കൊണ്ടാണ് രോഗികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് സമരം നടത്തിയത്. ഇന്നും തങ്ങള്‍ മന്ത്രിയുടെയും മറ്റും ഓഫീസില്‍ ബന്ധപ്പെട്ടുവെന്നും എല്ലാം ശരിയാവാന്‍ പോവുകയാണെന്ന് പതിവു മറുപടി ഇന്നും ലഭിച്ചുവെന്നും അവര്‍ വിഷമത്തോടെ പറഞ്ഞു.






