കാസര്‍കോട്: ആഴ്ച്ചകള്‍ക്കു ശേഷം പെരിയക്ക് സമീപം വീണ്ടും പുലിയിറങ്ങി. കേന്ദ്രസര്‍വ്വകലാശാലയ്ക്കു സമീപത്തെ ആലക്കോട്, ബാട്ട്യംകോട്ടാണ് ശനിയാഴ്ച രാത്രി പത്തുമണിയോടെ പുലിയെ കണ്ടത്. ഓട്ടോ ഓടിച്ചു പോവുകയായിരുന്ന ദാമോദരന്‍ എന്നയാളാണ് റോഡരുകിലെ മണ്ണുകയ്യാലയുടെ മുകളില്‍ നിന്നു പുലി താഴേയ്ക്കു ചാടുന്നത് കണ്ടത്. നാരായണന്‍ എന്നയാളും പുലിയെ കണ്ടതായി പറയുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. പുലിയ കണ്ടതായി പറയുന്ന മണ്‍ കയ്യാല, സമീപത്തെ ചാല്‍, വയല്‍ എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും പുലിയെയോ, അടയാളങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കിയാണ് വനപാലകര്‍ മടങ്ങിയത്.
രണ്ടു ദിവസം മുമ്പ് മാധവന്‍, മോഹനന്‍ എന്നിവരുടെ വളര്‍ത്തു നായകളെ കാണാതായിരുന്നു. ബാട്ട്യങ്കോട് കുളിയന്‍ മരത്തിനു സമീപത്ത് സ്ഥിരമായി കാണാറുണ്ടായിരുന്ന തെരുവു നായകളെയും കാണാതായതായി നാട്ടുകാര്‍ പറയുന്നു.നേരത്തെ കേന്ദ്രസര്‍വ്വകലാശാലയുടെ പടിഞ്ഞാറു ഭാഗത്ത് പുലിയിറങ്ങിയിരുന്നു. തൊട്ടടുത്ത ഏച്ചിക്കുണ്ടിലെ മനോജിന്റെ വീട്ടിലും പുലി എത്തിയിരുന്നു. അന്ന് പുലിയുടെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. പുലിയിറങ്ങിയെന്ന പ്രചാരണത്തോടെ നാട്ടുകാര്‍ ഭീതിയിലാണ്. മഴമാറിയതിനാല്‍ പച്ചക്കറി തോട്ടങ്ങളില്‍ അടക്കം ജലസേചനം ആരംഭിച്ചിട്ടുണ്ട്. പുലര്‍കാലങ്ങളിലാണ് ജലസേചനം നടത്താറ്. പുലി ഭീതി ഉണ്ടായതോടെ എന്തുചെയ്യണമെന്ന വിഷമത്തിലാണ് കര്‍ഷകര്‍.






