കാസർകോട്: കിണറിൽ വീണ 74 വയസ്സുകാരനെയും രക്ഷിക്കാൻ ഇറങ്ങിയ യുപി സ്വദേശിയെയും രക്ഷപ്പെടുത്തി കാസർകോട്ടെ അഗ്നി രക്ഷാസേന. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. തളങ്കര പള്ളിക്കാലിലെ അബ്ദുൽ റഹ്മാന്റെ വളപ്പിലെ കിണറിലാണ് 74കാരനായ നെല്ലിക്കുന്ന് സ്വദേശി ടി.എം.മുനീർ വീണത്. 15 കോൽ ആഴവും പത്തടി വെള്ളവും ആൾ മറയുമില്ലാത്ത കിണറിലാണ് വയോധികൻ അബദ്ധത്തിൽ വീണത്. സംഭവം കണ്ട ഉത്തരപ്രദേശ് സ്വദേശി ലുക്കുമാൻ (30) രക്ഷിക്കാൻ കിണറിൽ ഇറങ്ങി. മുങ്ങിത്താഴ്കയും പൊങ്ങുകയും ചെയ്ത മുനീറിനെ രക്ഷപ്പെടുത്താൻ നാട്ടുകാർ കയർ ഇട്ടുകൊടുത്തു. വെള്ളത്തിൽ താണുപോകാതിരിക്കാൻ കിണറിൻ്റെ പടവിൽ ചവിട്ടി സുരക്ഷിതമായി പിടിച്ച് നിർത്തി. എന്നാൽ രക്ഷപ്പെടുത്താൻ ഇറങ്ങിയ ലുക്ക്മാൻ കിണറിൽ കുടുങ്ങി. രണ്ടുപേരെയും കരയ്ക്ക് കയറ്റാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും സാധ്യമായില്ല. തുടർന്ന് കാസർകോട്ടെ അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ആർ. വിനോദ് കുമാറിൻ്റെയും, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിൻ്റെയും നേതൃത്വത്തിൽ സേന എത്തി കിണറ്റിൽ വീണ് കിടന്നിരുന്നു മുനിറിനെ സേനയുടെ റെസ്ക്യൂ നെറ്റിൽ കരയ്ക്ക് എത്തിച്ചു. ശേഷം ഉത്തർപ്രദേശ് സ്വദേശിയായ ലുക്ക് മാനെയും രക്ഷിക്കുകയായിരുന്നു. സേനാഗംങ്ങളായ എം.രമേശ,കെ.ആർ അജേഷ്, എ ജെ.അഭയ് സെൻ, എസ് അഭിലാഷ്, പി സി മുഹമ്മദ് സിറാജുദീൻ, ടി. അമ്മൽ രാജ്, ഫയർ വുമൺ കെ ശ്രീജിഷ, ഹോംഗാർഡ് എൻ പി രാകേഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.






