കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി ഉയര്‍ന്ന ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 24,36,267രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി. ഹൊസ്ദുര്‍ഗ്ഗ്, ലക്ഷ്മി നഗര്‍, കാരാട്ട് തറവാടിനു സമീപത്തെ വൃന്ദാവന്‍ ഹൗസില്‍ കെ സുരേഷി (51)ന്റെ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 28വരെയുള്ള വിവിധ ദിവസങ്ങളിലായാണ് ‘നാക്ക സൊല്യൂഷന്‍സ് ‘ എന്ന കമ്പനിയില്‍ നിന്നാണെന്നു പറഞ്ഞ് വാട്‌സ് ആപ്പിലും ഇ മെയിലിലും ഫേസ്ബുക്ക് വഴിയും പ്രതികള്‍ ബന്ധപ്പെട്ടതെന്നു സുരേഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഉയര്‍ന്ന ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേയ്ക്കായി പണം അയപ്പിക്കുകയായിരുന്നുവെന്നും എന്നാല്‍ 13,319 രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. തട്ടിപ്പാണെന്നു വ്യക്തമായതോടെയാണ് സൈബര്‍ പൊലീസ് പരാതി നല്‍കിയത്.
അതേസമയം ഒരു വിവരവും ഇല്ലാത്ത ആള്‍ക്ക് ഒരു വാട്‌സാപ്പ് മെസേജിന്റെ ബലത്തില്‍ 24.5 ലക്ഷത്തോളം രൂപ ധൈര്യമായി അയച്ചുവെന്നതും സംശയമുളവാക്കുന്നുണ്ട്.







