കാസര്‍കോട്: കുമ്പള, പേരാല്‍, പൊട്ടോരിയിലെ അനധികൃത മണ്ണെടുപ്പ് പൊലീസ് തടഞ്ഞു. ജെ സി ബി കസ്റ്റഡിയിലെടുത്തു. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ജിയോളജി വകുപ്പിനു കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പൊട്ടോരിയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നു വന്‍തോതില്‍ മണ്ണ് കടത്തികൊണ്ടുപോകുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എസ് ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട് ടിപ്പര്‍ ലോറികളുമായി ഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടു. മണ്ണെടുത്തു കൊണ്ടിരിക്കുകയായിരുന്ന ജെ സി ബിയുടെ ഓപ്പറേറ്ററോട് രേഖകള്‍ ആവശ്യപ്പെട്ടുവെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ലെന്നു പൊലീസ് പറഞ്ഞു. സംശയം തോന്നിയ പൊലീസ് നമ്പര്‍ പ്ലേറ്റ് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് വ്യക്തമായത്. മറ്റാരുടേയോ പേരിലുള്ള സ്‌കൂട്ടറിന്റെ നമ്പരാണ് ജെ സി ബിയില്‍ ഉണ്ടായിരുന്നതെന്നും ഇതു സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നു കൂട്ടിച്ചേര്‍ത്തു.







