ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി മര്‍ദ്ദനം; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനറല്‍ ആശുപത്രിയില്‍ പ്രതിഷേധ സമരം, ഒരു മണിക്കൂര്‍ നേരം ഒ പി തടസ്സപ്പെട്ടു

കാസര്‍കോട്: അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയ യുവാവിനെ പരിശോധിക്കുന്നതിനിടയില്‍ അത്യാഹിത വിഭാഗത്തില്‍ കയറി അക്രമം നടത്തുകയും വനിതാ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത ആളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും ഒരു മണിക്കൂര്‍ നേരം ഒ പി വിഭാഗം ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചു. കെ ജി എം ഒ എ, ഐ എം എ എന്നിവയുടെ സഹകരണത്തോടെ ജനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ ആണ് പ്രതിഷേധ പരിപാടി നടത്തിയത്.
ഐ എം എ കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് ഡോ. രേഖാ റൈ, കെ ജി എം ഒ എ ജില്ലാ പ്രസിഡണ്ട് ഡോ. ഷമീല തന്‍വീര്‍, ഡോ. ജമാല്‍ അഹമ്മദ്, സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ സുനില്‍ ചന്ദ്രന്‍, ഡോ. ജനാര്‍ദ്ദന നായിക്, ഡോ. സ്‌നേഹ, ഡോ. സന്ധ്യാ പ്രദീപ്, ഡോ. അരുണ്‍ റാം, ഡോ. രവികുമാര്‍, ഡോ. അന്‍സാബ്, നഴ്‌സിംഗ് സൂപ്രണ്ട് എന്‍ എസ് ലത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വ്യാഴാഴ്ച ഉണ്ടായ അക്രമ സംഭവത്തില്‍ അണങ്കൂരിലെ ഷാനിബിനെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ അതിക്രമിച്ചു കയറിയതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. ബെദിരയിലെ തോട്ടത്തില്‍ വച്ചുണ്ടായ അക്രമത്തില്‍ പരിക്കേറ്റ സൈനുദ്ദീന്‍, ഷിഹാബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ വച്ച് വീണ്ടും അക്രമിക്കുകയും പരിശോധിക്കുകയായിരുന്ന വനിതാ ഡോക്ടറുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page